അതിരമ്പുഴ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി. ഇന്നലെ രാവിലെ 7.15ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം, ഫാ. സച്ചിൻ കുന്നത്ത്, ഫാ. സാജൻ പുളിക്കൽ എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ ടോമി ചക്കാലയ്ക്കൽ, മാത്യു തേക്കുനിൽക്കുംപറമ്പിൽ, ജോണി പണ്ടാരക്കളം, റോബിൻ ആലഞ്ചേരിമാനാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

വൈകുന്നേരം കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം നടന്നു. അതിരമ്പുഴ തിരുനാളിൻ്റെ ആദ്യ കഴുന്നു പ്രദക്ഷിണം കോട്ടയം ടെക്സ്റ്റൈൽസിൽ നിന്നാണ്. കഴിഞ്ഞ 51 വർഷമായി തുടരുന്ന ഈ പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം ഇന്ന് (20ന്) രാവിലെ 7.30ന് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് കഴുന്നു വെഞ്ചരിപ്പിനു ശേഷം തിരുസ്വരൂപവുമായി ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം. ഒമ്പതിന് തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയ പള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾ ചെറിയ പള്ളിയിലായിരിക്കും നടക്കുന്നത്.

ദേശക്കഴുന്നിന് ഇന്ന് തുടക്കം കുറിക്കും. 23 വരെയാണ് ദേശക്കഴുന്ന്. ഇന്ന് കിഴക്കുംഭാഗത്തിൻ്റെ ദേശക്കഴുന്ന് നടക്കും. രാവിലെ 5.45ന് വലിയപള്ളിയിൽ കിഴക്കുംഭാഗത്തിൻ്റെ തിരുനാൾ കുർബാന നടക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും കഴുന്നുവെഞ്ചരിപ്പിനും ശേഷം കഴുന്നു വിതരണം. ഇന്നു മുതൽ 23 വരെ എല്ലാ ദിവസവും ദേശക്കഴുന്നിനു ശേഷം രാത്രി 8.30ന് ഗാനമേള നടക്കും. ഇന്ന് പാലാ കമ്മ്യൂണിക്കേഷൻ്റെ ഗാനമേളയാണ്.

24, 25 തിയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. 24 ന് വൈകുന്നേരം 5.45ന് നഗരപ്രദക്ഷിണം ആരംഭിക്കും. 25ന് വൈകുന്നേരം അഞ്ചിന് 20ലേറെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണം.

എല്ലാ വർഷവും 24ന് രാത്രി നടന്നിരുന്ന വെടിക്കെട്ട് ഈ വർഷം 25നാകും നടക്കുന്നത്. രാത്രി എട്ടിന് വെടിക്കെട്ട് ആരംഭിക്കും.

Hot Topics

Related Articles