കൊച്ചി: നിഗൂഢതയും ഭീതിയും നിറഞ്ഞ ഹൈറേഞ്ച് കാഴ്ചകളുമായി എത്തുന്ന ‘കൂടോത്രം’ സിനിമയുടെ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറങ്ങിയ ട്രെയിലർ, ഭീതിയും നിഗൂഢതയും ഹാസ്യവും ഒരേപോലെ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇടുക്കിയിലെ വെള്ളിമല എന്ന മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം ഒരു ഹൊറർ-മിസ്റ്ററി ഫാമിലി കോമഡി ത്രില്ലറാണെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.
ദൃശ്യഭംഗിയേറിയ ഫ്രെയിമുകൾക്കൊപ്പം ഗോപി സുന്ദർ ഒരുക്കിയ ആകാംക്ഷ നിറഞ്ഞ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ട്രെയിലർ പ്രേക്ഷക മനസ്സുകളിൽ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. വ്യത്യസ്തമായ ഹൊറർ ട്രീറ്റ്മെന്റും കഥാപ്രമേയത്തിലെ പുതുമയും ബൈജു എഴുപുന്നയുടെ വേറിട്ട പ്രകടനവുമാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ ബൈജു എഴുപുന്ന ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവച്ചൻ’ എന്ന കർഷകനായി അദ്ദേഹം എത്തുമ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ ഒരു വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ കോ പ്രൊഡ്യൂസർ റെജിയാണ്. സായ് കുമാർ, സലിം കുമാർ, ശ്രീനാഥ് മകാന്തി, അലൻസിയർ, ജോയ് മാത്യു, സുധി കോപ്പ, ഡിനോയ് പൗലോസ്, റേച്ചൽ, ദിയ തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ട്രെയിലറിന് ലഭിച്ച വൻ സ്വീകരണം കണക്കിലെടുക്കുമ്പോൾ, ഈ മാസം 12 നു ചിത്രം തിയേറ്ററുകളിലെത്തുമ്പോൾ വലിയൊരു വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.


