ചിറ്റാരിക്കാൽ :രാജസ്ഥാനിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച ഷിൻസ് തലച്ചിറ (SPG മുൻ അംഗം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവർ. ഒൻപത് വർഷക്കാലം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ (SPG) സേവനം അനുഷ്ഠിച്ച അദ്ദേഹം, അടുത്ത ജനുവരിയോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്.കഴിഞ്ഞ തവണ പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോഴുള്ള യാത്രയിൽ പ്രധാനമന്ത്രിയുടെ വാഹനത്തിന്റെ സ്റ്റിയറിങ് പിടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഭവിച്ച ബൈക്കപകടത്തിലാണ് ജീവൻ നഷ്ടമായത്.ഡൽഹിയിലെത്തുന്ന മലയാളികൾക്ക്, പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, വഴികാട്ടിയും സഹായിയുമായിരുന്നതാണ് ഷിൻസ്. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം, വിരമിക്കാനിരിക്കെ വീണ്ടും നാട്ടിലേക്ക് സ്ഥിരമായി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.മണ്ഡപം സെന്റ് ജോസഫ് എയ്ഡഡ് യു.പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിൻസ്, തുടർന്ന് കടുമേനി സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു പഠനം. 23 വർഷം മുമ്പ് അതിർത്തിരക്ഷാസേന (BSF)യിൽ ചേർന്ന അദ്ദേഹം, 192-ാം ബറ്റാലിയനിലാണ് ആദ്യം നിയമനം നേടിയത്.
ഡൽഹി, കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കഠിനമായ ഫിസിക്കൽ ടെസ്റ്റ്, വിവിധ പരീക്ഷകൾ, അഭിമുഖം എന്നിവ വിജയകരമായി പിന്നിട്ടശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സാധാരണയായി മൂന്ന് വർഷത്തേക്കാണ് എസ്പിജി യിൽ സേവനം, എന്നാൽ ഷിൻസിന്റെ മികവ് കണക്കിലെടുത്ത് രണ്ടു ടെർമുകൾ കൂടി അനുവദിച്ചു.”ആ വാർത്ത കേട്ടപ്പോൾ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. സാധാരണ കർഷകകുടുംബത്തിൽ ജനിച്ച്, നാട്ടിലെ സാധാരണ സ്കൂളിൽ പഠിച്ച ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള സേനയിൽ പ്രവേശിക്കുന്നത് ചെറിയ കാര്യമല്ലല്ലോ” – ബന്ധുവായ സജി ഓർത്തെടുത്തു.ബുധനാഴ്ച രാവിലെയാണ് അപകടവിവരം വീട്ടിൽ അറിയിച്ചത്. ആദ്യം ചെറിയ പരിക്ക് മാത്രമാണെന്ന് കുടുംബത്തോട് പറഞ്ഞുവെങ്കിലും പിന്നീട് വന്ന കോളിൽ പ്രതീക്ഷിക്കേണ്ട കാര്യമില്ലെന്ന് അറിയിച്ചു.13 വർഷം മുമ്പ് മണക്കടവ് ചീക്കാട് റോഡിൽ വീട്ടും സ്ഥലവും വാങ്ങിയിരുന്നു. ഷിൻസിനൊപ്പം ഡൽഹിയിലായിരുന്ന ഭാര്യ ജസ്മിക്ക് ഇടയിൽ സംസ്ഥാന സർക്കാർ സർവീസിൽ നഴ്സായി നിയമനം കിട്ടിയതോടെ കുടുംബം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.