സഹിക്കാൻ പറ്റാതെ വന്നാല്‍ പാർട്ടിവിടും : കൂടെയുള്ളവരെ സംരക്ഷിക്കാൻ ഏതുസഹായവും സ്വീകരിക്കും: ബിജെപി പ്രവേശന സാധ്യത തള്ളാതെ എസ് രാജേന്ദ്രൻ

ഇടുക്കി: സിപിഎം വിട്ട് ബിജെപിയില്‍ ചേർന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചുപറഞ്ഞ് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. കൂടെയുള്ളവരെ സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമായ ഏതുസഹായവും സ്വീകരിക്കും. പാർട്ടിയുമായുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. സഹിക്കാൻ പറ്റാതെ വന്നാല്‍ പാർട്ടിവിടുമെന്നും അങ്ങനെയൊരു സാഹചര്യം ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഒപ്പമുള്ളവരെ ഉപദ്രവിക്കുന്നത് പാർട്ടി തുടരുകയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്ബാണ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നു എന്നതരത്തിലുള്ള വാർത്തകള്‍ പുറത്തുവന്നത്. പിന്നാക്കമോർച്ച നേതാവിനൊപ്പം ഡല്‍ഹിയില്‍ പോയി ജാവദേക്കറെ കണ്ടത്. വാർത്ത പുറത്തുവന്നതോടെ സിപിഎം ഇടപെടുകയും എസ് രാജന്ദ്രനെ തണുപ്പിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ എല്ലാം തീർന്നെന്നും എസ് രാജേന്ദ്രൻ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നുമാണ് പാർട്ടിയുടെ ഉന്നത നേതാക്കള്‍ തന്നെ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നും നടന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നത് മുഖ്യ പ്രചരണായുധമാക്കിയിരുന്ന സിപിഎം, തങ്ങളുടെ ഒരു മുൻ എംഎല്‍എ തന്നെ ബിജെപിയിലേക്കുപോയാല്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാനിടയുള്ള തിരിച്ചടി ഒഴിവാക്കാനാണ് എസ് രാജേന്ദ്രനെ തല്‍ക്കാലം തണുപ്പിച്ച്‌ നിറുത്തിയത്. ഏറെക്കുറെ പുകഞ്ഞ കൊള്ളിയായ രാജേന്ദ്രൻ ഇനി സിപിഎം വിട്ടാല്‍ ഒന്നും സംഭവിക്കാനില്ലെന്നും അതിനാല്‍ എത്രയും വേഗം പുറത്തേക്കുള്ള വഴികാണിക്കാനുമാണ് ഇപ്പോള്‍ പാർട്ടിയുടെ ശ്രമം എന്നാണ് വിലയിരുത്തല്‍.

ബിജെപി തമിഴ്‌നാട് ഘടകവുമായി ചേർന്ന് പ്രവർത്തിക്കാനാണ് എസ് രാജേന്ദ്രന്റെ നീക്കമെന്നാണ് അറിയുന്നത്. സ്വന്തം നിലനില്‍പ്പിനൊപ്പം ഒപ്പമുള്ളവരുടെ കാര്യത്തിലും നീക്കുപോക്കുണ്ടാക്കാനുള്ള ഡീലുമാണ് ഇപ്പോള്‍ ബിജെപിയുമായി നടത്തുന്നതെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ കേരള ഘടകത്തെ അറിയിക്കാതെ കേന്ദ്ര നേതൃത്വം നേരിട്ടാണ് ചർച്ചകള്‍ നടത്തുന്നത്.

എസ് രാജേന്ദ്രനൊപ്പം മറ്റ് പാര്‍ട്ടികളിലെ നൂറിലേറെ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാനും ബിജെപി നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. സിപിഎം, സിപിഐ നേതാക്കള്‍ക്ക് പുറമേ മുതിര്‍ന്ന ചില കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതത് പാര്‍ട്ടികളിലും മുന്നണികളിലും അസംതൃപ്തരായവരോടാണ് കൂടുതലും ലക്ഷ്യമിടുന്നത്.

അതേസമയം, ഇപി ജയരാജന്റെ ബിജെപി പ്രവേശനത്തിന് ദല്ലാള്‍ നന്ദകുമാര്‍ പണം ചോദിച്ചെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഒരുവിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ഓപ്പറേഷൻ താമരപോലെയുള്ള പാർട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തിപകരാൻ ഇത് ഇടയാക്കും എന്നാണ് അവർ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മറ്റുപാർട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും അവർ സൂചിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles