ബി.പി.സി.എല്‍. ഡ്രൈവർമാരുടെ മിന്നല്‍പണിമുടക്ക് അവസാനിപ്പിച്ചു; സർവീസ് ഉടൻ ആരംഭിക്കും

കൊച്ചി: ബി.പി.സി.എല്‍. ഡ്രൈവർമാരുടെ മിന്നല്‍പണിമുടക്ക് അവസാനിപ്പിച്ചു. മാനേജ്മെന്റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. തൃശ്ശൂർ കൊടകരയിലെ ഏജൻസിയിലുണ്ടായ അക്രമത്തിലെ പ്രതികള്‍ക്കെതിരേ കർശനമായ നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തെ തുടർന്നാണ് ഡ്രൈവറെ ക്രൂരമായി മർദിച്ചത്. അക്രമം നടത്തിയ തൊഴിലാളികളെ ജോലിയില്‍നിന്ന് മാറ്റിനിർത്തണമെന്നും വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് ഡ്രവർമാർ ഉന്നയിച്ച പ്രധാന ആവശ്യം. ദുർബലമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. കൂടാതെ, ഇത്തരം സംഭവങ്ങള്‍ ഇനി ഒരു ഏജൻസിയില്‍നിന്നും ഉണ്ടാകാതിരിക്കാനായി സർക്കുലറായി പ്ലാന്റില്‍നിന്ന് കൊടുക്കണമെന്നും ആവശ്യമുന്നയിച്ചു.

ഇക്കാര്യങ്ങളില്‍ അനൂകൂല തീരുമാനമുണ്ടായതോടെയാണ് സർവീസ് പുനരാരംഭിക്കാൻ ഡ്രൈവർമാർ സന്നദ്ധതയറിയിച്ചതെന്ന് സി.ഐ.ടി.യു. ബി.പി.സി.എല്‍. മേഖലാസെക്രട്ടറി ഷിബു പറഞ്ഞു. അതേസമയം, അക്രമം നടത്തിയ തൊഴിലാളികളെ സി.ഐ.ടി.യു. സംഘടനയില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം. ബിപിസിഎല്‍ പാചകവാതക പ്ലാൻറില്‍നിന്നും തൃശ്ശൂർ കൊടകര ശ്രീമോൻ ഏജൻസിയില്‍ ലോഡിറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. 17.50 രൂപ കുറഞ്ഞെന്നാരോപിച്ചാണ് അവിടെയുണ്ടായിരുന്ന കയറ്റിറക്ക് തൊഴിലാളികള്‍ ക്രൂരമായി മർദ്ദിച്ചത്. ലോഡ് ഇറക്കുന്നതിന് 17.50 അധികമായി ഇവർ ആവശ്യപ്പെടുകയായിരുന്നു. ഈ പണം ഡ്രൈവർ നല്‍കുകയാണെങ്കില്‍ ഇത് ഡ്രൈവറുടെ ശമ്ബളത്തില്‍ നിന്നും കരാറുകാർ ഈടാക്കുമെന്ന് കയറ്റിറക്ക് തൊഴിലാളികളെ ഡ്രൈവർ അറിയിക്കുകയും പണം നല്‍കാൻ വിസമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായാണ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത്. എസ്ടിഎം ട്രാൻസ്പോർട്ടേഴ്സിലെ കരാർ ഡ്രൈവറായ ശ്രീകുമാറിനാണ് മർദനമേറ്റത്. അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മർദ്ദിക്കുകയുമായിരുന്നു. അതേസമയം മർദ്ദനമേറ്റതിന് ശേഷം തൃശ്ശൂരിലെ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടിയശേഷം തിരികെ കൊച്ചിയിലെത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്. 23 കോണ്‍ട്രാക്ടർമാർക്ക് കീഴിലുള്ള നൂറ്റിയമ്ബതോളം ജീവനക്കാരാണ് പണിമുടക്കിയത്. ഇതോടെ ആറ് ജില്ലകളിലേക്കുള്ള നൂറ്റിനാല്‍പതോളം ലോഡ് സർവീസ് മുടങ്ങിയിരുന്നു.

Hot Topics

Related Articles