പത്തനംതിട്ട:ബസിൽ കയറിയ നിമിഷം മുതൽ തർക്കമായി തുടങ്ങിയ യാത്രക്കാരൻ അവസാനം ബസിന്‍റെ ചില്ലിലേക്ക് കല്ലെറിഞ്ഞ് കലാപമുണ്ടാക്കി.പത്തനംതിട്ട തിരുവല്ല കുറ്റൂരിലാണ് സംഭവം. ബാലൻസ് പൈസ നല്‍കിയതിനെ ചൊല്ലിയാണ് കണ്ടക്ടറുമായുള്ള വാക്കുതർക്കം. ഇതിന് പിന്നാലെ സ്റ്റോപ്പിൽ ഇറങ്ങിയ ആഞ്ഞിലിത്താനം സ്വദേശി രതീഷ്, ബസിന്‍റെ പിൻവശത്തെ ഗ്ലാസിലേക്ക് കല്ലെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.സംഭവസമയത്ത് പിൻസീറ്റിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.അതേസമയം, കൊല്ലം ഓച്ചിറയിൽ കെഎസ്‌ആർടിസി ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവർ ആക്രമിച്ച സംഭവവും അരങ്ങേറി. വാഹനം തട്ടിയതിനെ തുടർന്ന് ഉണ്ടായ തർക്കത്തിലാണ് മേമന സ്വദേശി അബ്ദുള്‍ റഹീം, നെടുങ്കണ്ടം കെഎസ്‌ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഷൈൻമോഹനെ ആക്രമിച്ചത്. പരിക്കേറ്റ ഷൈൻമോഹനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.