കോട്ടയം : തെരഞ്ഞെടുപ്പ് പ്രകടന പത്രിയിൽ പറഞ്ഞിരുന്ന ഓരോ വാഗ്ദാനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന യുഡിഎഫ് സർക്കാരിനെയും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശനെയും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. മാസം 15-ാം തീയതി മുതൽ നടപ്പിലാക്കിയ കെ എസ് ആർ ടി സി യിലെ സ്ത്രീകളുടെ സൗജന്യ യാത്രയും നിലവിലുണ്ടായിട്ടുള്ള പ്രവർത്തന ചിലവു വർദ്ധനവും മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുടമകളെ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ “സ്വകാര്യ ബസ് സംവിധാനം മികച്ചതാക്കുമെന്നും, നഷ്ടമുണ്ടായാൽ അത് നികത്തി കൊടുക്കും” എന്നുള്ള പ്രസ്താവന ഈ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്നും യോഗം വിലയിരുത്തി.
ഓണേഴ്സ് ഓർഗനൈസേഷൻ ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതുപോലെ സ്വകാര്യ ബസ് വ്യവസായം, “പീഢിത വ്യവസായമായി” അംഗീകരിച്ച്, ഇന്ധന സബ്സിഡി ഉൾപ്പെടെ, സർവീസ് നിലനിറുത്തുന്നതിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ഉടമകൾക്ക് നേരിട്ടും അല്ലാതെയും, ആയിര കണക്കിന് തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്നതുമായ ഈ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ, അടിയന്തരയോഗം ബഹുമാനപ്പെട്ട മന്ത്രി വിളിച്ചുചേർത്ത് ചർച്ച ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടൂറിസ്റ്റ് ബസുകളിൽ ഏർപ്പെടുത്തിയ പരിഷ്കാരം, ഈ മേഖലയ്ക്ക് ഉത്തേജനം നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പഠനം നടത്താതെ നടത്തുന്ന ഭ്രാന്തൻ പരിഷ്കാരങ്ങൾ ആവർത്തിക്കാതിരിക്കുവാൻ നടപടി വേണമെന്നും സഹകരണവും സംതൃപ്തിയുമാണ് ടൂറിസ്റ്റ് വാഹന വ്യവസായത്തെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നും, ഇത് നില നിർത്തുവാനുള്ള നടപടി വേണമെന്നും, ഉടമകൾ പറഞ്ഞു.
യുഎസ് – ഇറാൻ സംഘർഷം മൂലം ക്രൂഡോയിൽ വില വർധിച്ചത് മൂലം കേന്ദ്രസർക്കാർ വർധിപ്പിച്ച ഡീസൽ, സിഎൻജി, പാചകവാതകം എന്നിവയുടെ വില വർധനവ് അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രസർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി റോണി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡണ്ട് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. ആൽവിൻ ജോസ്, ബിജു ആർ, ജോൺ മാത്യു, സാജു മൈക്കിൾ, സേവിയർ ജോസഫ്, ടി സി തോമസ്, അഭി തോമസ്, എബിൻ സി രാജു, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.


