ന്യൂഡൽഹി: ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചത് വിരാട് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനം എന്ന് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം. മൂന്ന് ഫോർമാറ്റിലും കോഹ്ലിയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തി. കോഹ് ലിയുടെ തീരുമാനം വ്യക്തിപരമാണ്. ബിസിസിഐ അതിനെ ബഹുമാനിക്കുന്നു. ഭാവിയിൽ ഈ ടീമിനെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ ടീമിലെ നിർണായക ഘടകമാവും കോഹ് ലിയുടെ സാന്നിധ്യം.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ എതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് കോഹ്ലി ടെസ്റ്റിലെ നായക സ്ഥാനവും രാജിവെച്ചത്. സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് മുൻപ് കോഹ് ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. രാജി പ്രഖ്യാപിച്ചുള്ള കോഹ്ലിയുടെ കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴ് വർഷത്തെ കഠിനാധ്വാനമാണ്, ടീമിനെ ശരിയായ ദിശയിൽ നയിക്കാനുള്ള കഷ്ടപ്പാടും കഠിനമായ പരിശ്രമവുമായിരുന്നു എല്ല ദിവസവും. പൂർണ്ണ സത്യസന്ധതയോടെയാണ് ഞാൻ എന്റെ ജോലി ചെയ്തത്, ഒന്നും ബാക്കിവച്ചിട്ടുമില്ല. എല്ലാകാര്യവും ഒരു ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടിവരും, എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ ആ ഘട്ടം ഇപ്പോഴാണ്.
ഈ യാത്രയിൽ ഒരുപാട് ഉയർച്ചകളും ചില താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കലും പരിശ്രമത്തിനോ വിശ്വാസത്തിനോ കുറവുണ്ടായിട്ടില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും എന്റെ 120 ശതമാനവും നൽകിയിട്ടുണ്ട് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്, എനിക്കത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എനിക്കറിയാം അതല്ല ശരിയെന്ന്. എനിക്ക് ഇക്കാര്യത്തിൽ പൂർണ്ണ ബോധ്യമുണ്ട്. എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ല.
ഇത്രയും നീണ്ട കാലയളവിൽ എന്റെ രാജ്യത്തെ നയിക്കാൻ അവസരം നൽകിയതിന് ബിസിസിഐയോട് എന്റെ നന്ദി. ആദ്യ ദിനം മുതൽ ടീമിനായുള്ള എന്റെ കാഴ്ചപാടുകൾക്കൊപ്പം നിന്ന, ഒരു ഘട്ടത്തിൽ പോലും വിട്ടുകളയാതിരുന്ന ടീം അംഗങ്ങൾക്കും നന്ദി. നിങ്ങളാണ് ഈ യാത്ര എന്നെന്നും ഓർത്തിരിക്കാവുന്നതും മനോഹരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങളെ മുന്നോട്ട് നയിച്ച, ഈ വണ്ടിയുടെ എഞ്ചിനായ രവി ഭായ്ക്കും സപ്പോർട്ട് ടീമിനും നന്ദി. അവസാനമായി എന്നിലെ ക്യാപ്റ്റനെ വിശ്വസിച്ച ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ കഴിവുള്ള വ്യക്തിയാണ് ഞാൻ എന്ന് കണ്ടെത്തിയ എം എസ് ധോനിക്ക് ഒരു വലിയ നന്ദി.