ചാന്ദിപുര വൈറസ്: മരണം 20 ആയി; ഗുജറാത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം, പനിബാധിതരെല്ലാം ചികിത്സക്കെത്താൻ നിര്‍ദേശം

ഗാന്ധിനഗർ: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് (CHPV) വ്യാപനത്തെ തുടർന്ന് മരണം 20 ആയി. ഇന്നലെ മാത്രം മരിച്ചത് അഞ്ച് പേരാണ്. 37 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രത്യേക യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നല്‍കി. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിർദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

Advertisements

1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് തിരിച്ചടി. 2003 – 04 കാലഘട്ടങ്ങളില്‍ ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമായി 300ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാനിടയാക്കിയത് ഈ വൈറസ് ബാധയാണ്. പരത്തുന്നത് കൊതുകളും ഈച്ചകളുമായതിനാല്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിസര ശുചിത്വം പാലിക്കുകയെന്നതാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന്. വൃത്തിഹീനമായ ചുറ്റുപാടുകള്‍ വൈറസ് വാഹകരായ ജീവികളുടെ വളർച്ചയ്ക്കും വൈറസ് ബാധ വർധിക്കുന്നതിനും കാരണമാകും. ചന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്. അതിനാല്‍, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അകറ്റി നിർത്തുകയും വേണം. കുട്ടികള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നതെന്ന് സി കെ ബിർള ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റും പീഡിയാട്രീഷ്യനുമായ ഡോ ശ്രേയ ദുബെ പറഞ്ഞു.

Hot Topics

Related Articles