ചെറുതോണി ടൗണ്‍ നവികരിക്കാൻ അഞ്ചു കോടിയുടെ പദ്ധതി

ചെറുതോണി: ടൗണ്‍ ഭംഗിയാക്കുന്നതിന്റെ ഭാഗമായി അഞ്ചു കോടി ചിലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ജൂണ്‍ 13 ന് രാവിലെ 9.30 യ്ക്ക് ചെറുതോണി ടൗണില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ചെറുതോണി ടൗണ്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനോടൊപ്പം ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന്റെ നവീകരണവും നടപ്പിലാക്കും. പൊതുമരാമത്ത് വിഭാഗമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.  ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
   ടൗണ്‍ മുതല്‍ ഐഒസി ബങ്ക് വരെയുള്ള ഭാഗത്തെ നവീകരണത്തിനുള്ള തടസ്സങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, വനം വകുപ്പ് എന്നിവര്‍ സമയബന്ധിതമായി പരിഹരിച്ചു നല്‍കേണ്ടത് യോഗത്തില്‍ വിശകലനം ചെയ്തു. 110 മരങ്ങളില്‍ 70 എണ്ണം 30 സെന്റിമീറ്റര്‍ മുകളിലുള്ളവയാണ്. ഇവ മുറിച്ചു നീക്കാനുള്ള അനുമതി കോട്ടയം ഡിഎഫ്ഒയാണ് നല്‍കേണ്ടത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് ഇടുക്കി ഡിഎഫ്ഒ യോഗത്തില്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര ലക്ഷം രൂപയും കെഎസ്ഇബി വൈദ്യുതി ലൈന്‍  മാറ്റി സ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപയും ചിലവ് വരും. ഇവ പൊതുമരാമത്തുമായി ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ചെറുതോണി ഐഒസി ബങ്ക് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന് 3 മീറ്റര്‍ വീതി കൂട്ടി സംരക്ഷണഭിത്തിയും നിര്‍മ്മിക്കും. ടൗണ്‍ നവീകരണത്തിനായി നീക്കം ചെയ്യുന്ന പാറകള്‍ റോഡിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഉപയോഗിക്കും. ജലസേചന വകുപ്പും പൊതുമരാമത്ത് നിരത്ത് വിഭാഗവും സംയുക്തമായി  പണി പൂര്‍ത്തീകരിക്കും.
  കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാംകുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, തുടങ്ങി വിവിധ വകുപ്പ് മേലാധികാരികള്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles