യശസ്വിയെ ഒഴിവാക്കിയിട്ടായാലും റിങ്കുവിനെ ടീമിലെടുക്കണമായിരുന്നു; തുറന്ന് പറഞ്ഞ് മുൻ ചീഫ് സെലക്ടർ

ചെന്നൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച്‌ മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ആരെ ഒഴിവാക്കിയിട്ടായാലും ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ റിങ്കുവിനെ ലോകകപ്പ് ടീമിലെടുക്കണമായിരുന്നുവെന്ന് ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. ലോകകപ്പ് ടീമിന്‍റെ കാര്യത്തില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ല. കാരണം, ലോകം മുഴുവന്‍ റിങ്കുവിനെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. ലഭിച്ച അവസരങ്ങളിലെല്ലാം അവന്‍ മികവ് കാട്ടുകയും ചെയ്തു. അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് ഒഴിവാക്കാനാവുക. ആരെ ഒഴിവാക്കിയിട്ടായാലും അവനെ ടീമിലെടുക്കണമായിരുന്നു. എന്‍റെ അഭിപ്രായത്തില്‍ റിങ്കു ഉറപ്പായും ടീമില്‍ ഉണ്ടാവേണ്ടതായിരുന്നു. അതിനിപ്പോള്‍ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കിയിട്ടായാല്‍ പോലും അവനെ ടീമിലെടുക്കണമായിരുന്നു. റിങ്കുവിനെ ഒഴിവാക്കി നാലു സ്പിന്നര്‍മാരെ ടീമിലെടുത്തതിന്‍റെ ലോജിക് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

കഴിവിനില്ല സെലക്ഷന്‍ കമ്മിറ്റി പ്രാധാന്യം കൊടുത്തത് എന്ന് വ്യക്തമാണ്. കാരണം, ദക്ഷിണാഫ്രിക്കയിലും അഫ്ഗാനിസ്ഥാനെതിരെയുമെല്ലാം റിങ്കു പുറത്തെടുത്ത പ്രകടനം ആരും മറന്നിട്ടില്ല. അഫ്ഗാനെതിരെ ഇന്ത്യ 22-4ല്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തിയ റിങ്കു സെഞ്ചുറി നേടിയ രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ 212 റണ്‍സിലെത്തിച്ചു. ഇന്ത്യക്ക് കളിക്കുമ്ബോഴെല്ലാം തന്‍റെ കഴിവിന്‍റെ പരമാവധി അവന്‍ പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ടീം സെലക്ഷന്‍ മണ്ടത്തരമെന്നെ പറയാനാവു. ലോകകപ്പ് ടീമില്‍ എന്തിനാണ് നാലു സ്പിന്നര്‍മാര്‍. ആര്‍ക്കൊക്കെയോ വേണ്ടി റിങ്കുവിനെ ബലിയാടാക്കുകയായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. ഇന്ത്യക്കായി 15 ടി20 മത്സരങ്ങളില്‍ കളിച്ച റിങ്കു 89 റണ്‍സ് ശരാശരിയില്‍ 359 റണ്‍സടിച്ചിട്ടുണ്ട്. 176 എന്ന അമ്ബരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും റിങ്കുവിനുണ്ട്.

Hot Topics

Related Articles