ഡോ. ഡേവിഡ്‌സൺ ദേവസ്യ
ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ നമുക്കിടയിൽ അപൂർവ്വമായിരിക്കും. മുതിർന്നവരെ സംബന്ധിച്ച് അവ തിരിച്ചറിയാനും പ്രതിവിധി കണ്ടെത്താനും താരതമ്യേന എളുപ്പമാണ്. എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ച് അവർ നേരിടുന്ന ബുദ്ധിമുട്ട് തലവേദനയാണെന്ന് മനസ്സിലാക്കാനും, അത് രക്ഷിതാക്കളോട് പറയാനും സാധിക്കണം എന്നില്ല. കുട്ടികൾ തലവേദന എന്ന് പറയുമ്പോൾ പലപ്പോഴും രക്ഷിതാക്കൾ അത് സമ്മതിച്ചു കൊടുക്കാറുമില്ല. വളരെ ചെറിയ പ്രായത്തിലൊന്നും തലവേദന വരില്ല എന്നാണ് പല മാതാപിതാക്കളും ചിന്തിക്കാറുള്ളത്. എന്നാൽ അത് വലിയ തെറ്റിദ്ധാരണയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലവേദന വരാനുള്ള വിവിധ കാരണങ്ങൾ
• തലയിലെ മുടി ഉൾപ്പെടുന്ന തൊലിയിൽ എന്തെങ്കിലും പരുക്കൾ ഉണ്ടെങ്കിൽ തലവേദന വരാം.
• തലയോട്ടിയുടെ മുകളിൽ മുഴ രൂപപ്പെടുകയോ, അവിടുത്തെ ഏതെങ്കിലും എല്ല് ക്രമാതീതമായി വളരുകയും ചെയ്യുന്നതും ഒരു കാരണമാണ്.
• തലച്ചോറിൻ്റെ അകത്ത് ട്യൂമർ രൂപപ്പെടുന്ന സാഹചര്യത്തിൽ തലവേദന അനുഭവപ്പെടാം.
• നീർക്കെട്ട്, വാദസംബന്ധമായ അസുഖങ്ങൾ, സൈനസൈറ്റിസ്.
• കണ്ണിൻ്റെ പ്രശ്നങ്ങൾ, പവർ വ്യത്യാസങ്ങൾ
• ചിലരിൽ തൊണ്ടവേദന തലയുടെ പിൻഭാഗത്ത് വേദന അനുഭവപ്പെടാൻ കാരണമാകാറുണ്ട്.
• വായ തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ജോയിൻ്റിലെ എല്ലിനുണ്ടാകുന്ന തകരാറുകളും തലവേദനയ്ക്കുള്ള ഒരു കാരണമാണ്.
കുട്ടികളിൽ ഏത് പ്രായം മുതൽ തലവേദന വരാം?
കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർക്ക് തലവേദനയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു എന്നു വരില്ല. പ്രത്യേകിച്ച് നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്. അതു കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം. രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ കുട്ടി നേരിടുന്ന ബുദ്ധിമുട്ട് തലവേദന ആണോയെന്ന നിഗമനത്തിൽ എത്താൻ സാധിക്കൂ.
തലവേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും
തലവേദന നേരിട്ട് മറ്റു ശാരീരിക പ്രശ്നങ്ങൾ, അഥവാ രോഗങ്ങൾക്ക് കാരണം ആകാറില്ല. എന്നാൽ തലവേദന മറ്റുപല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആകാം. അസഹനീയമായ തലവേദന കുട്ടികളുടെ ദൈനം ദിന ജീവിതത്തിൽ പലതരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
വലിയ തോതിൽ വേദന അനുഭവിക്കുന്നത് അവരുടെ ഉറക്കത്തെ ബാധിക്കും. ഇടയ്ക്കിടക്ക് ഉറക്കത്തിൽ നിന്ന് എണീറ്റേക്കാം. ശക്തമായ ഛർദ്ദി, നോക്കുമ്പോൾ രണ്ടായി കാണുന്നതായി തോന്നുക, കാഴ്ച മങ്ങുക, നടത്തത്തിൻ്റെ സന്തുലിതാവസ്ഥ തെറ്റി ചെറിയ ആട്ടം അനുഭവപ്പെടുക തുടങ്ങി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചില കുട്ടികൾക്ക് തലവേദനയ്ക്കൊപ്പം കണ്ണിൽ നിന്ന് വെള്ളം വരുന്നതായി കാണാം. ചിലർക്ക് കണ്ണ് ചുവന്നു വരും.
അതിനെല്ലാം അപ്പുറം തുടർച്ചയായതും അസഹനീയവുമായ തലവേദന അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും. വെയിലത്ത് കളിക്കുന്നതും, ഉല്ലാസ യാത്രകൾ പരിമിതപ്പെടുത്തേണ്ടി വരുന്നതുമെല്ലാം ചില ഉദാഹരങ്ങളാണ്. അതുപോലെ തന്നെ ക്ലാസിൽ നോട്സ് എഴുതി എടുക്കാനുള്ള ബുദ്ധിമുട്ട്, ബോർഡിലേക്ക് നോക്കാൻ പ്രയാസം തുടങ്ങിയ അസ്വസ്ഥതകളും തലവേദനയുടെ ഭാഗമായി വരാം.
തലവേദന വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ
തലവേദന അനുഭവപ്പെട്ടാൽ പാരസെറ്റമോൾ നൽകാം. കുട്ടികൾക്ക് തലവേദനയ്ക്ക് ഒപ്പം ജലദോഷവും ഉണ്ടെങ്കിൽ ചൂട് ആവി പിടിക്കാവുന്നതാണ്. തലവേദന അസഹനീയവും തുടര്ച്ചയായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഡോക്ടറുടെ പിന്തുണ തേടാം.
മൈഗ്രെയ്ൻ
മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും സാധാരണയായി മൈഗ്രെയ്ൻ കണ്ടുവരാറുണ്ട്. മൈഗ്രെയ്ൻ സംബന്ധിച്ച് ഫാമിലി ഹിസ്റ്ററി ഒരു പ്രധാന ഘടകമാണ്. ഏറ്റവും അടുത്ത കുടുംബത്തിൽ ആർക്കെങ്കിലും മൈഗ്രെയ്ൻ ഉണ്ടെങ്കിൽ കുട്ടികളിലും വരാനുള്ള സാധ്യത കൂടുതലാണ്. ചെറിയ കുട്ടികൾ ഓടി കളിക്കുന്നതിന് ഇടയിൽ തലകറക്കം എന്ന് പറഞ്ഞു പെട്ടെന്ന് രക്ഷിതാക്കളെ വന്നു മുറുക്കെ പിടിക്കുന്നത് കാണാം. അത്തരം സാഹചര്യങ്ങളിൽ കുട്ടികളിൽ മൈഗ്രെയ്ൻ സാധ്യത തള്ളിക്കളയാൻ ആവില്ല. മൈഗ്രെയ്ന് പലതരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. വെയിലത്ത് നിൽക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ, ഉറക്കമുളക്കുമ്പോൾ, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, ജലദോഷം, സമയം തെറ്റിയുള്ള ഭക്ഷണം തുടങ്ങിയ സാഹചര്യങ്ങളിൽ തലവേദന അനുഭവപ്പെടുന്നത് മൈഗ്രെയ്ൻ മൂലമാകാം.
ഏതെല്ലാം ഡോക്ടർമാരെ കാണണം
കുട്ടികളിൽ തലവേദന രൂക്ഷമായാൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് വൈദ്യസഹായം തേടേണ്ടത്. കണ്ണിൻ്റെ പ്രശ്നങ്ങളും, പവർ വ്യത്യാസങ്ങളും ഒക്കെ തന്നെ തലവേദനയെ സ്വാധീനിക്കാറുണ്ട് എന്നതിനാൽ കണ്ണിൻ്റെ ഡോക്ടർ അഥവാ ഒഫ്താൽമോളജിസ്റ്റ്റിനെ കാണിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ന്യൂറോളജിസ്റ്റ്, ഇഎൻടി ഡോക്റ്റർമാരുടെയും അടുത്ത് നിന്ന് വൈദ്യ പിന്തുണ തേടാവുന്നതാണ്.
ചികിത്സയേക്കാൾ വേണ്ടത് മുൻകരുതൽ
അലോപ്പതിയിൽ പരിമിതമായ മരുന്നുകളാണ് മൈഗ്രെയ്ൻ ചികിത്സയ്ക്കായി ഉള്ളത്. മരുന്നുകളെക്കൾ ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അടിസ്ഥാനപരമായി മൈഗ്രെയ്നേ രോഗം എന്നു വിളിക്കുന്നതിനേക്കാൾ ഒരു അവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതാണ് അഭികാമ്യം.
അതിന് പല സ്വഭാവ സവിശേഷതകൾ ഉണ്ട്.എഴുപത് ശതമാനം സമയത്തും സാഹചര്യങ്ങളുടെ സ്വാധീനം മൂലമോ, ജീവിത ശൈലിയിലെ അസന്തുലിതാവസ്ഥ കാരണമോ ആണ് മൈഗ്രെയ്ൻ തല പൊക്കാറുള്ളത്. അതുകൊണ്ട് തന്നെ എന്തെല്ലാം അവസരങ്ങളിലാണു നിങ്ങളുടെ കുട്ടികളിൽ തലവേദന അനുഭവപ്പെടുന്നത്, പ്രേരകശക്തിയാകുന്ന കാരണങ്ങൾ തുടങ്ങിയവ തിരിച്ചറിഞ്ഞ് രക്ഷിതാക്കൾ അത് കുറിച്ച് വയ്ക്കുന്നത് നന്നായിരിക്കും. അതിന് അനുസരിച്ചുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ തന്നെ ഒരു വലിയ പരിധി വരെ നമുക്ക് കുട്ടികൾക്ക് ഉണ്ടാകുന്ന തലവേദനയെ നിയന്ത്രിക്കാം. വെയിൽ കൊള്ളുന്നതാണ് പ്രശ്നം എങ്കിൽ അത്തരം സാഹചര്യത്തിൽ കുട ഉപയോഗിക്കുക, കുട്ടികൾ കൃത്യ സമയത്ത് ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക, നന്നായി വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കുട്ടികളിലെ തലവേദനയെ ഒരു പരിധി വരെ അകറ്റി നിർത്താം.
വിവരങ്ങൾക്ക് കടപ്പാട് :
ഡോ. ഡേവിഡ്‌സൺ ദേവസ്യ പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ആസ്റ്റർ മെഡ്സിറ്റി, കൊച്ചി