സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ വരുന്ന വാർത്തകൾ തള്ളി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ; സെക്രട്ടറിയെ സംരക്ഷിച്ച് പാർട്ടി 

കണ്ണൂർ: കെ കെ രാഗേഷിനെതിരെ വരുന്നത് വ്യാജ വാർത്തകളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തത് ഐകകണ്ഠേനയാണ്. കെ കെ രാഗേഷിനെ സെക്രട്ടറിയാക്കിയതിന് എതിരെ നേതൃത്വത്തിന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കിയെന്ന റിപ്പോർട്ട് ശരിയല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിത കഥകള്‍ ചമയ്ക്കുകയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നത്.

Advertisements

ജില്ലാ സെക്രട്ടറിയെ ‘നിയമിച്ചതിനെതിരെ’ ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കള്‍ പരാതി നല്‍കി എന്നാണ് പുതിയ വ്യാജ നിര്‍മിതി. ആരാണ് പരാതി അയച്ചത്, ആര്‍ക്കാണയച്ചത് എന്നൊന്നും അതില്‍ വെളിപ്പെടുത്തിയിട്ടില്ല. ഏതോ കേന്ദ്രത്തില്‍ നിന്നും ബോധപൂര്‍വ്വം ഇത്തരം വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുകയാണ്. സിപിഎമ്മില്‍ ജില്ലാ സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കണ്ണൂരില്‍ ഏകകണ്ഠമായാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത്. എന്നിട്ടും സിപിഎം സംഘടനാ രീതിയെ അപഹസിക്കുന്ന നിലയില്‍ വാര്‍ത്തകളുണ്ടാക്കുന്നത് ബോധപൂര്‍വമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി എന്ന പരാതി, ജില്ലയിലെ ഒരു പക്ഷം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് നല്‍കി എന്നായിരുന്നു റിപ്പോർട്ട്. കണ്ണൂർ ജില്ലാ കമ്മറ്റിയില്‍ അംഗമല്ലാതിരുന്ന രാഗേഷിനെ സെക്രട്ടറിയാക്കിയത് ചട്ട വിരുദ്ധമെന്നാണ് പരാതി. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ നിയമിച്ചത് എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം തിരിഞ്ഞത്. രാഗേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിനു താഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ധനരാജിനെ അനുസ്മരിച്ച്‌ പങ്കുവെച്ച കുറിപ്പിന് താഴെയുള്‍പ്പെടെ അമര്‍ഷം പ്രകടമായി. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാര്‍ട്ടി ശത്രുക്കള്‍ നടത്തിയ സൈബര്‍ ബുള്ളിയിങ്ങിനെയാണ് ‘ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍’ എന്ന നിലയില്‍ അവതരിപ്പിക്കുന്നത് എന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നത്.

Hot Topics

Related Articles