വൈക്കത്ത് സിപിഎമ്മിനെ കുരുക്കിലാക്കി ദേവസ്വം ബോർഡ് ജോലി തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തൽ; തിരുവതാംകൂർ ദേവസ്വം ബോർഡ് കൂടാതെ ഗുരുവായൂരപ്പൻ്റെ പേരിലും തട്ടിപ്പ് ; കോഴപ്പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി 

വൈക്കം: തിരുവതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു നഗരസഭ കൗൺസിലറടക്കം നാലു പേർ ചേർന്ന് പണം തട്ടിയെടുത്തെന്ന സംഭവത്തിന് പിന്നാലെ ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഇതേ സംഘം പണം തട്ടിയതായി പരാതി. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോൾക്ക് ഗുരുവായൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഹോസ്പിറ്റലിൽ നഴ്സായി ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയെടുത്തെന്ന് ആരോപിച്ചാണ് റാണിഷ് മോൾ വൈക്കം പോലീസിൽ പരാതി നൽകിയത്. 

വെച്ചൂർ സ്വദേശി ബിനീഷ് നഗരസഭ കൗൺസിലർ കെ പി സതീശനൊപ്പമെത്തിയാണ് ജോലി കാര്യങ്ങൾ സംസാരിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡ്  നഴ്സിംഗ് തസ്തികയിൽ നടത്തിയ പരീക്ഷയിൽ റാണിഷ് മോൾ പങ്കെടുത്തിരുന്നു. കോട്ടയം സ്വദേശിയായ അക്ഷയിന്റ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ആദ്യം 80000 രൂപയും രണ്ടാമത് അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 7000 രൂപയും ആദ്യ ഘട്ടമെന്ന നിലയിൽ നൽകി. റാങ്ക് ലിസ്റ്റ് വന്നപ്പോൾ റാണിഷ് മോൾ പട്ടികയിലില്ലായിരുന്നു. ഇവരോട് അന്വേഷിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ടാകില്ലെന്നും രാഷ്ട്രീയ നിയമനത്തിനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നാണ് മറുപടി ലഭിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വെളിച്ചത്തു വരുമെന്നാണ് സൂചന.

Hot Topics

Related Articles