അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ; സി പി എം നേതാവിന് സസ്പെൻഷൻ 

കാസർകോഡ് : അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു.ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. രതീശന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്.ജനുവരി മുതല്‍ പല തവണകളായാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഒരാഴ്ചയ്ക്കകം മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്.

Advertisements

Hot Topics

Related Articles