മുംബൈ : ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി.അഞ്ചാം തീയ്യതി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയാണ് ഫേവറേറ്റുകളെങ്കിലും ഇത്തവണ എതിര്‍ ടീമുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എല്ലാ ടീമുകള്‍ക്കൊപ്പവും ഇത്തവണ ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ കിരീട പോരാട്ടം കടുക്കുമെന്നുറപ്പാണ്.
ഇത്തവണ ടീമുകളുടെ കരുത്ത് പരിശോധിക്കുമ്പോള്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്കാണ്? പരിശോധിക്കാം. തലപ്പത്തുള്ളത് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. 13 ഏകദിനത്തില്‍ ഓപ്പണര്‍മാരായപ്പോള്‍ 87.33 ശരാശരിയില്‍ 1048 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. രണ്ട് പേരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. ഇരുവരുടേയും പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍, ബൗണ്ടറി എന്നിവയെല്ലാം ഗില്ലിന്റെ പേരിലാണ്. ഏഷ്യാ കപ്പില്‍ ഗംഭീര പ്രകടനം നടത്തിയ ഗില്ലിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് വാനോളം പ്രതീക്ഷയാണുള്ളത്.
രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ടാണുള്ളത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണുള്ളത്. രണ്ട് പേരും അതിവേഗത്തില്‍ റണ്‍സടിച്ചുകൂട്ടുന്ന താരങ്ങളാണ്. രണ്ട് പേരും അനുഭവസമ്പത്തുള്ളവരും ഇന്ത്യന്‍ പിച്ചില്‍ കസറുന്നവരുമാണ്.ഓസീസ് വലിയ പ്രതീക്ഷ വെക്കുന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. രണ്ട് പേരും എതിര്‍ ടീം ബൗളര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നവരാണ്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ്. ഡേവിഡ് മലാനും ജോണി ബെയര്‍സ്‌റ്റോയുമാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലുള്ളത്. ജേസന്‍ റോയ്ക്ക് പരിക്കേറ്റതോടെയാണ് ഈ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇംഗ്ലണ്ടെത്തിയത്. മലാനും ബെയര്‍സ്റ്റോയും ചേര്‍ന്ന് രണ്ട് ഏകദിനത്തില്‍ മാത്രമാണ് ഓപ്പണര്‍മാരായത്. 28 റണ്‍സാണ് മികച്ച കൂട്ടുകെട്ട്.എന്നാല്‍ പ്രതിഭാശാലികളായ താരങ്ങളെന്ന നിലയില്‍ ഇവരില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബെയര്‍സ്റ്റോ ഫോമിലേക്കെത്തിയാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തും. അതേ സമയം മലാന്‍ ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്.
നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയും ക്വിന്റന്‍ ഡീകോക്കുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ഡീകോക്ക് ഇടം കൈയനും ബാവുമ വലം കൈയനുമാണ്. 11 ഏകദിന ഇന്നിങ്‌സിലാണ് ഇരുവരും ഒന്നിച്ച് ബാറ്റുചെയ്തത്. 70.45 ശരാശരിയില്‍ 775 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ബാവുമയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഏകദിന ശൈലിയില്‍ നിലയുറപ്പിച്ച് കളിക്കുന്ന താരമാണ് ബാവുമ. അതേ സമയം ഡീകോക്ക് അടിച്ചുതകര്‍ത്തു കളിക്കുന്ന താരമാണ്. ഈ രണ്ട് പേരും എല്ലാവര്‍ക്കും വലിയ ഭീഷണിയാവുന്ന കൂട്ടുകെട്ടാണ്. ഇതില്‍ ഡീകോക്കിന്റെ പ്രകടനത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അഞ്ചാം സ്ഥാനത്ത് പാകിസ്താനാണുള്ളത്. ഇമാം ഉല്‍ ഹഖ്-ഫഖര്‍ സമാന്‍ കൂട്ടുകെട്ടിനെയും നിസാരക്കാരായി കാണാനാവില്ല. രണ്ട് പേരും ഇടം കൈയന്‍ ബാറ്റർമാരാണ്. ഏറെ നാളുകളായി ഒന്നിച്ച് ബാറ്റുചെയ്യുന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 59 ഏകദിനത്തില്‍ നിന്ന് 2482 റണ്‍സാണ് ഇവര്‍ സൃഷ്ടിച്ചത്. ഏഴ് സെഞ്ച്വറി പ്രകടനങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിരിക്കുന്നത്. എല്ലാവരും കരുതിയിരിക്കേണ്ട ഓപ്പണിങ് കൂട്ടുകെട്ടാണിത്.
ശ്രീലങ്കയുടെ ദിമുത് കരുണരത്‌ന-പതും നിസങ്ക കൂട്ടുകെട്ടാണ് ആറാം സ്ഥാനത്തുള്ളത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍-റഹ്‌മാനുല്ല ഗുര്‍ബാസ് കൂട്ടുകെട്ട് ഏഴാം സ്ഥാനത്ത് നില്‍ക്കുമ്ബോള്‍ ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ-വില്‍ യങ് കൂട്ടുകെട്ട് എട്ടാം സ്ഥാനത്താണ്. മികച്ച തുടക്കം ലഭിക്കേണ്ടത് എല്ലാ ടീമിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം.