ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി; സത്യഭാമയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് സി എസ് ഡി എസ്

തിരുവനന്തപുരം : നാട്യകലാകാരനും അധ്യാപകനുമായ ഡോ ആർ എൽ വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമയെ കോടതി ഉത്തവരവ് ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത നടപടി ഭരണകൂട പോലീസ് ഗൂഡാലോചനയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ പരസ്യമായ ലംഘനമാണെന്നും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്. സത്യഭാമയെ അറസ്റ്റ് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിയ്ക്കുമെന്നും കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ കെ സുരേഷ് പറഞ്ഞു. സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു. ഡിജിപി ഓഫീസിന് മുൻപിൽ നടത്തിയ മാർച്ചിൽ സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ വിനു ബേബി, എം സി ചന്ദ്രബോസ്, സണ്ണി ഉരപ്പാങ്കൽ, എം എസ് തങ്കപ്പൻ, രഞ്ജിത് രാജു,അഡ്വ സുരേഷ് കുമാർ തിരുവനന്തപുരം, റോബി വി ഐസക്, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles