മുക്കം:കൃഷി നശിപ്പിച്ച് കർഷകരെ ദുരിതത്തിലാഴ്ത്തിയ കാട്ടുപന്നി ശല്യത്തിനെതിരെ കൊടിയത്തൂരിൽ പഞ്ചായത്ത് നേതൃത്വത്തിൽ നായാട്ട് നടത്തി. അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ ഒൻപത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു.മലയോര മേഖലയിലെ 2, 15, 16-ാം വാർഡുകളിലായിരുന്നു പ്രവർത്തനം കേന്ദ്രീകരിച്ചത്. 13 എംപാനൽ ഷൂട്ടർമാരും എട്ട് വേട്ടനായ്ക്കളുമാണ് നായാട്ടിൽ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർമാരായ വി. ഷംലൂലത്ത്, യു.പി. മമ്മദ്, കെ.ജി. സീനത്ത്, ഫാത്തിമ നാസർ എന്നിവർ നേതൃത്വം നൽകി.
പകൽ സമയത്തും കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വാഴ, കപ്പ, ചേന, തെങ്ങിൻ തൈകൾ തുടങ്ങി ഒട്ടേറെ വിളകൾ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം നിരവധി കർഷകരുടെ കൃഷി മുഴുവനും തകർന്ന് പോയിരുന്നു. സ്ഥിതി രൂക്ഷമായതോടെ ചിലർ കൃഷി ഉപേക്ഷിക്കുകയും, മറ്റുള്ളവർ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലുമാണ്.ഇത്തരം സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നായാട്ട് സംഘടിപ്പിച്ച് കാട്ടുപന്നി ശല്യത്തെ ചെറുക്കാൻ നടപടി കൈകൊണ്ടത്.