പത്തനംതിട്ട :12 വർഷത്തെ കാത്തിരിപ്പിനുശേഷം ദമ്പതിമാർക്ക് ജനിച്ച ഏകമകൻ അച്ചൻകോവിലാറ്റിൽ വീണ് മരിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ ആറ്റിലേക്ക് ചാടിയ സഹപാഠിയെ കണ്ടെത്താനായിട്ടില്ല.ചിറ്റൂർ തടത്തില് എൻ.എം. അജീബിന്റെയും സലീനയുടെയും മകൻ എം. അജ്സൽ അജീബ് (14) ആണ് മരിച്ചത്. കാണാതായത് പത്തനംതിട്ട ഓലിപ്പാട്ട് വീട്ടില് ഒ.എച്ച്. നിസാമിന്റെയും ഷെബാനയുടെയും മകൻ നബീൽ നിസാമാണ്.ഇരുവരും പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പത്തനംതിട്ട കല്ലറക്കടവിൽ വച്ചാണ് അപകടം.
ഓണപ്പരീക്ഷയിലെ അവസാനവിഷയം എഴുതി കഴിഞ്ഞ ശേഷം സ്കൂളിലെ എട്ട് വിദ്യാർത്ഥികളാണ് കല്ലറക്കടവിലെത്തിയത്. കുടിവെള്ള പദ്ധതിക്കായി കെട്ടിയ തടയണയിൽ കയറി നിന്നപ്പോഴാണ് അജ്സലിന് കാൽ വഴുതി ആറ്റിലേക്ക് വീണത്. സുഹൃത്ത് ഒഴുകിപ്പോകുന്നത് കണ്ടതോടെ നബീൽ രക്ഷിക്കാൻ ചാടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാർ എത്തി പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. പത്തനംതിട്ട, ചെങ്ങന്നൂർ അഗ്നിരക്ഷാസേന സ്കൂബാ ടീം തിരച്ചിൽ നടത്തി. അജ്സലിന്റെ മൃതദേഹം വീണിടത്തുനിന്ന് നൂറ് മീറ്റർ അകലെയായി വൈകിട്ട് 3.50-ഓടെയാണ് കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം ബുധനാഴ്ച ഒന്നിന് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.നബീലിനായുള്ള തിരച്ചിൽ ബുധനാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
‘ഒരു മനസ്സും രണ്ട് ശരീരവും’
ഒന്നാം ദിവസം മുതൽ വേർപിരിയാതെ സഞ്ചരിച്ച കൂട്ടുകാർ ആയിരുന്നു അജ്സലും നബീലും. ഒരേ ക്ലാസിൽ അടുത്തടുത്ത ഇരിപ്പിടങ്ങളിൽ ഇരുന്ന ഇവർ, ഉച്ചഭക്ഷണവും വീട്ടിലേക്കുള്ള യാത്രയും ഒരുമിച്ചായിരുന്നു. പരീക്ഷ കഴിഞ്ഞ് “ഓണം പൊളിക്കണം” എന്ന് പറഞ്ഞാണ് ഇരുവരും സ്കൂൾ വിട്ടത്. മണിക്കൂറുകൾക്കകം എത്തിയ ദുരന്ത വാർത്ത കേട്ട് സഹപാഠികളും അധ്യാപകരും ഞെട്ടലിലാണ്.