പത്തനംതിട്ട:നിരണത്ത് നിന്നുള്ള യുവതിയെയും രണ്ടുമക്കളെയും കാണാതായിട്ട് രണ്ടാഴ്ച തികയുന്നതിനിടയിൽ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായ റീന (40)യുടെ ഭർത്താവും കവിയൂർ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യുവിനെയും (41) ഞായറാഴ്ച വൈകിട്ട് നാലരയോടെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (5) എന്നിവരെയും ഓഗസ്റ്റ് 17 മുതലാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നു. അന്വേഷണം ശക്തമാക്കാനായി ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചു.
ഇതിനിടെ, റീന മക്കളുമൊത്ത് ബസിൽ യാത്ര ചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അവരുടെ സ്ഥാനം കണ്ടെത്താനായിരുന്നില്ല.റീനയുടെയും മക്കളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് അനീഷിനെ പോലീസ് ദിവസവും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസിന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് അവരുടെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനീഷും റീനയും തമ്മിൽ നേരത്തേ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിൽ അത് പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം. ദമ്പതികളും മക്കളും ആലുംതുരുത്തി ചന്തയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ, റീന കാണാതായിട്ട് രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് വിവരം അറിയിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന്, റീനയുടെ സഹോദരൻ പുളിക്കീഴ് പോലീസിൽ പരാതി നൽകി.