യുഎസ് :മനുഷ്യന്റെ ദീർഘായുസ്സിനെക്കുറിച്ചുള്ള ചർച്ചയിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള സംഭാഷണം പരേഡിനിടയിൽ മൈക്ക് പിടിച്ചെടുത്തതായി റിപ്പോർട്ട്. ചൈനയുടെ രണ്ടാം ലോക മഹായുദ്ധ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിലാണ് സംഭവം.പുടിന്‍റെ വിവർത്തകൻ ചൈനീസ് ഭാഷയിൽ സംസാരിക്കുന്നതിനിടെ കേട്ടത്, “ബയോടെക്നോളജി തുടർച്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യാവയവങ്ങൾ ആവർത്തിച്ച് മാറ്റിവയ്ക്കാൻ കഴിയും. കൂടുതൽ കാലം ജീവിക്കുന്തോറും നിങ്ങൾ പ്രായം കുറഞ്ഞവരായി മാറും. അമർത്യത കൈവരിക്കാൻ പോലും കഴിയും” എന്നായിരുന്നു.
ഇതിന് മറുപടിയായി ഷി ജിന്‍പിങ് പറഞ്ഞത്, “ഈ നൂറ്റാണ്ടിൽ മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാനാവുമെന്നാണ് ചിലരുടെ പ്രവചനം” എന്നായിരുന്നു.സംഭാഷണം നടക്കുമ്പോൾ പിന്നിൽ നിന്നിരുന്ന ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഇരുവരെയും നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ സംഭാഷണം കിമ്മിന് വിവർത്തനം ചെയ്തോയെന്നത് വ്യക്തമല്ല.ഷാങ്ഹായ് സഹകരണ സംഘടനാ ചർച്ചകൾക്ക് പിന്നാലെ നടന്ന പരേഡിൽ പുടിനും കിം ജോങ് ഉനും പങ്കെടുത്തിരുന്നു. ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒന്നിക്കുന്നു എന്ന ആശങ്കയാണ് യൂറോപ്പും യുഎസും പ്രകടിപ്പിക്കുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങൾ പോലും ഒരു ലോക മഹായുദ്ധത്തിനുള്ള സാധ്യത മുന്നിൽ കണ്ടു ആശുപത്രികൾക്ക് മുന്നൊരുക്കം വേണമെന്ന് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ.