‘രാഷ്ട്രീയത്തിനും കൊടിക്കും അതീതമായി വോട്ടുചെയ്യണം’; സുരേഷ്ഗോപിക്കായി ഡോ.വന്ദനദാസിന്റെ പിതാവ് രംഗത്ത്

തൃശൂർ : തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രാചാരണത്തിന് ഡോ. വന്ദന ദാസിന്റെ പിതാവ് മോഹൻദാസ് എത്തി. സുരേഷ് ഗോപി പച്ചയായ ഒരു മനുഷ്യസ്നേഹിയാണെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും ഒരേ രീതിയില്‍ കാണുന്ന മനസ്ഥിതിയുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ഒരു പൊതുപ്രവർത്തകൻ മത്സരിക്കുമ്പോള്‍ രാഷ്ട്രീയത്തിനും കൊടികള്‍ക്കും അതീതമായി തൃശ്ശൂരിലുള്ള നല്ലവരായ ജനങ്ങള്‍ മുഴുവനും അദ്ദേഹത്തിന് വോട്ടുചെയ്യണം. സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. വന്ദന ദാസ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം സുരേഷ് ഗോപി വീട്ടില്‍ വന്ന് നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും നിയമസഹായങ്ങള്‍ക്ക് മുൻകൈ എടുത്തെന്നും മോഹൻദാസ് കൂട്ടിച്ചേർത്തു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായിരുന്ന കോട്ടയം സ്വദേശി ഡോ.വന്ദന ദാസ് 2023 മേയ് 10-ന് രാത്രിയാണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ പരിശോധനയ്ക്കായി പോലീസ് ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപ് എന്ന പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. നെടുമ്ബന യു.പി. സ്കൂള്‍ അധ്യാപകനായിരുന്ന സന്ദീപിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പിന്നീട് ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.

Hot Topics

Related Articles