എടത്വ പള്ളി തിരുന്നാള്‍ : ജില്ല കളക്ടറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി

ആലപ്പുഴ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ ഈ വര്‍ഷത്തെ പെരുനാളിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് തല ഉദ്ദ്യോഗസ്ഥരേയും മാധ്യമ പ്രവര്‍ത്തകരേയും സംയോജിപ്പിച്ച് അവലോകന യോഗം നടന്നു. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ പങ്കെടുത്തു. എപ്രില്‍ 27 ന് കൊടിയേറി മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കുന്ന പെരുനാളിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പാര്‍ലമെന്റ് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് അവലോകന യോഗം ഇക്കുറി നേരത്തെ നടത്താന്‍ തീരുമാനിച്ചത്. തിരുനാളിന് വമ്പിച്ച ജനത്തിരക്ക് ഉണ്ടാകുമെന്നതിനാല്‍ തീര്‍ത്ഥാടകരുടെ ആരോഗ്യവും സുരക്ഷിതത്വവും സമാധാനവും ഉറപ്പുനല്‍കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയ ഉദ്ദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് ഉറപ്പ് നല്‍കി. ടൂറിസം വകുപ്പില്‍ നിന്ന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും എടത്വ ടൂറിസം പോയിന്റായി പ്രഖ്യാപിക്കണമെന്നും തിരുനാള്‍ ദിനത്തില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം തകഴി, അമ്പലപ്പുഴ, തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സമയം ട്രയിന്‍ നിര്‍ത്തിയിടാനും, സ്റ്റോപ്പില്ലാത്ത ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ വേണ്ട നിര്‍ദ്ദേശം റെയില്‍വേ അധികൃതരെ ധരിപ്പിക്കണമെന്ന് അവലോകന യോഗത്തില്‍ പള്ളി അധിക്യതര്‍ കളക്ടറെ ധരിപ്പിച്ചു. മെയ് നാല് മുതല്‍ പ്രധാന തിരുനാള്‍ ദിനമായ 7 വരെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും പ്രാദേശിക അവധി നല്‍കണമെന്നും പള്ളി അധികൃതര്‍ ചൂണ്ടിക്കാട്ടി. പെരുനാളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. പള്ളിയുടെ സമീപപ്രദേശങ്ങളിലെ ഇടറോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ പെട്രോളിംഗിനും ഗതാഗത കുരുക്കിനും തടസ്സം നേരിടുന്നതായും താല്‍കാലികമായിട്ടെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പോലീസ് അധികാരികള്‍ കളക്ടറെ അറിയിച്ചു. ക്രമസമാധാന പാലനത്തിന് വനിത പോലീസ് ഉള്‍പ്പെടെയുള്ള പോലീസുകാരെ നിയമിക്കുമെന്ന് എടത്വ സി.ഐ ഉറപ്പ് നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ 300 ഓളം വാളന്റിയേഴ്സിന്റെ സേവനം സജ്ജമാക്കുമെന്ന് പള്ളി അധിക്യതരും പോലീസ് ഉദ്ദ്യോഗസ്ഥരെ അറിയിച്ചു.ജലഗതാഗത വകുപ്പ് നിലവിലുള്ള സര്‍വ്വീസിന് പുറമെ രണ്ട് ബോട്ടുകള്‍ അധിക സര്‍വ്വീസ് നടത്തുമെന്നും, തിരുനാള്‍ ദിനത്തില്‍ 24 മണിക്കൂറും സേവനം സജ്ജമാക്കുമെന്നും, നിലവിലുള്ള കൗണ്ടറിന് പുറമേ മറ്റൊരു കൗണ്ടറുകൂടി തുറക്കുമെന്നും എടത്വയില്‍ താല്കാലിക ബോട്ട് ജെട്ടി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എടത്വ സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. പള്ളി പരിസരങ്ങളിലും വിവിധ കേന്ദ്രങ്ങളിലും പ്രത്യേകമായി പൊതുടാപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളവിതരണം നടത്തുമെന്നും, വാട്ടര്‍ സ്റ്റോറേജ് സജ്ജീകരിച്ചാല്‍ അധിക ജലം സംഭരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. പ്രധാന തിരുനാള്‍ ദിനത്തില്‍ പള്ളി പരിസരങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ജല അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് വാഹനവും ബോട്ടും ഏര്‍പെടുത്തുമെന്നും ബോധവത്സകരണവും അപായ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുമെന്നും തകഴി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്‍.റ്റി.സി. നെയ്യാറ്റിന്‍കര, കളിയിക്കവിള, പാറശ്ശാല ഡിപ്പോകളില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും. മെയ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തെക്കന്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുകളും തിരുവല്ല, കോട്ടയം, ആലപ്പുഴ, ഹരിപ്പാട് എന്നീ ഡിപ്പോകളില്‍ നിന്നും അരമണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസും നടത്തുമെന്നും, നാല് മുതല്‍ ഏഴ് വരെ കോളേജ് ഗ്രൗണ്ടില്‍ താല്‍കാലിക ഡിപ്പോ തുറക്കുമെന്നും എടത്വ കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന്‍ ഉറപ്പ് നല്‍കി. കൂടാതെ കെഎസ്ആര്‍റ്റിസി ബഡ്ജറ്റ് ടൂറിസം സെല്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, വിഴിഞ്ഞം, പൂവാര്‍, കളയിക്കാവിള, കൊല്ലം എന്നിവിടങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ ട്രിപ്പുകളും നടത്തും. പെരുനാള്‍ ദിവസങ്ങളില്‍ വൈദ്യുതി വിതരണം തടസ്സം കൂടാതെ നടത്തുമെന്നും, ടച്ചിംഗ് വെട്ടി മാറ്റുമെന്നും, പഞ്ചായത്തുമായി സഹകരിച്ച് വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വൈദ്യുതി വകുപ്പിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലങ്കാര വൈദ്യുതി വിളക്കുകളുടെ പൂര്‍ത്തികരണ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിലകയറ്റം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും വിലയിലും തൂക്കത്തിലുമുള്ള ക്രമക്കേടുകള്‍ തടയുന്നതിന് മിന്നല്‍ പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ-ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതരും അറിയിച്ചു. അനധികൃത മദ്യ വില്‍പ്പന, വാറ്റ് ചാരായത്തിന്റെ ഉല്‍പ്പാദനം എത്തിവ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, വിമുക്തി ബോധവത്കരണ സെമിനാര്‍ നടത്തുമെന്നും, പോലീസുമായി സഹകരിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുമെന്നും എക്‌സൈസ് വകുപ്പും അറിയിച്ചു. ജില്ല കളക്ടര്‍ ജോണ്‍ വി. സാമവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വീട്ടില്‍ ആമുഖ പ്രഭാഷണവും ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഉക്കപ്പാടില്‍ വിഷയാവതരണവും നിര്‍വ്വഹിച്ചു. തഹസില്‍ദാര്‍ ജയേഷ് പി.വി., എടത്വ സി.ഐ മിഥുന്‍, ജില്ല പഞ്ചാത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, കൈക്കാരന്മാരായ ജോസി കുര്യന്‍, ജോണ്‍ ചാക്കോ, ജോയിന്റ് കണ്‍വീനര്‍മാരായ ജോസി പറത്തറ, ജെയിന്‍ മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്റ്റ്യന്‍ കണ്ണന്തറ, ടോം ജെ. കൂട്ടക്കര, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ആന്‍സി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles