മാതാവിന്റെ ചിതാഭാസ്മം നിമജ്ജനം ചെയ്ത് മടങ്ങിയ മകന്‍ കുളിമുറിയില്‍ മരിച്ച നിലയിൽ

എടത്വ: രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയെത്തിയ മകന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍. കോട്ടയം കങ്ങഴ ഇലക്കാട് കാര്‍ത്തികയില്‍ സുരേന്ദ്രന്‍ (63) ആണ് മരിച്ചത്. ജന്മവീടായ തകഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചെക്കിടിക്കാട് കളിയിക്കല്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ സുരേന്ദ്രന്‍ രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവ് കമലമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക് വര്‍ക്കല പാപനാശിനിയില്‍ പോയശേഷം ഉച്ചയ്ക്ക് തിരികെ വീട്ടില്‍ എത്തിയിരുന്നു. ഉച്ച ഭക്ഷണത്തിന് മുന്‍പ് കുളിക്കാനായി കുളിമുറിയില്‍ കയറിയ സുരേന്ദ്രന്‍ ഏറെ സമയത്തിന് ശേഷവും കാണാഞ്ഞതിനെ തുടര്‍ന്ന് സഹോദരന്മാര്‍ തെരച്ചില്‍ നടത്തി. കുളിമുറി അകത്തു നിന്ന് ലോക്കിട്ട നിലയില്‍ ആയതിനാല്‍ സഹോദര പുത്രന്‍ വെന്റിലേഷന്‍ വഴി നോക്കുമ്പോള്‍ സുരേന്ദ്രന്‍ കുളിമുറിയില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ കുളിമുറിയുടെ വാതില്‍ ചവിട്ടി തുറന്ന് സുരേന്ദ്രനെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മരണശേഷം ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30-ന് കോട്ടയം കങ്ങഴ കാര്‍ത്തികയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കല. മക്കള്‍: ജിതിന്‍, കൃഷ്ണപ്രിയ.

Hot Topics

Related Articles