ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്റെ (പി എഫ് എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഹാളണ്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മാത്രമായി 35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ ഹാളണ്ട് നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും ഉയർന്ന ഗോൾ നേട്ടമാണിത്.
സീസണിലാകെ 53 മത്സരങ്ങൾ സിറ്റിക്കായി കളിച്ച ഹാളണ്ട് 52 തവണ ഗോളുകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റി ട്രബിൾ നേട്ടവും സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് സിറ്റി ട്രബിൾ നേടിയത്. ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങളാണ് കഴിഞ്ഞ സീസണിൽ സിറ്റി സ്വന്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുമ്പ് പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരവും ഹാളണ്ടിനായിരുന്നു. ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരുഷ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ഹാളണ്ട് നേടിയിട്ടുണ്ട്. പിഎഫ്എയുടെ വനിത പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം ആസ്റ്റൺ വില്ലയുടെ സ്ട്രൈക്കർ റേചൽ ഡാലി സ്വന്തമാക്കി. വനിത സൂപ്പർ ലീഗിൽ 22 ഗോളുകളുമായി റേചൽ ഗോൾവേട്ടക്കാരിൽ ഒന്നാമതായിരുന്നു. ചെൽസിയുടെ വനിത താരം ലോറൺ ജെയിംസിനെ ആണ് യങ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.