ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പാമ്പാടിയിലും പിടിയുണ്ട് ; റൊണാൾഡോയ്ക്ക് വേണ്ടി വാദിക്കുന്നതോ രണ്ടാം ക്ലാസ് വിദ്യാർത്ഥി  ; റൊണാൾഡോ തന്നെ കപ്പ് നേടും ഉറപ്പ് ; കട്ട ബ്രസീൽ ആരാധകർക്കിടയിലെ കൊച്ച് സിആർസെവൻ കലിപ്പിലാണ്

പുതുപ്പള്ളി : റൊണാൾഡോ പൊളിയല്ലേ ! ഇത്തവണ കപ്പ് പോർച്ചുഗൽ നേടും പാമ്പാടി വെള്ളൂരിലെ റൊണാൾഡോ ആരാധകനായ രണ്ടാം ക്ലാസുകാരൻ ശ്രീനന്ദുവിന് മറുത്തൊന്ന് ആലോചിക്കേണ്ടതായില്ല  അവന്റെ വാക്കുകൾ അത്ര ദൃഡമാണ്. മുതിർന്നവരും കുട്ടികളുമായി ബ്രസീൽ ആരാധകർ മാത്രമുള്ള വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂൾ പ്രദേശത്തെ ഏക പോർച്ചുഗൽ ആരാധകനാണ് പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ രണ്ടാം ക്ലാസുകാരനായ ശ്രീനന്ദു.

തലമുതിർന്ന ബ്രസീൽ ആരാധകർക്ക് മുന്നിൽ ഒറ്റയ്ക്ക് നിന്ന് പോർച്ചുഗലിന് വേണ്ടി വാദിക്കുകയാണ് ഈ കൊച്ചു മിടുക്കൻ . ബ്രസീൽ ആരാധകനും സമീപ വാസിയുമായ ഇന്ദിരാജിന്റെ പലചരക്ക് കടയുടെ ചുമരിൽ നെയ്മറിന്റെ ചിത്രം വരച്ചതോടെയാണ് കുട്ടി ആരാധകന് വാശിയായത്. നെയ്മറിന്റെ ചിത്രം വരച്ച ബ്രസീൽ ആരാധകനും ചിത്രകാരനുമായ കെ പി  ബിജുവിനെക്കൊണ്ട് ചിത്രം വരപ്പിക്കുവാൻ അച്ഛൻ കെ ആർ രതീഷിനോട് ആവശ്യപ്പെട്ടതും ശ്രീനന്ദു തന്നെ.  ഒടുവിൽ മകന്റെ വാശിക്ക് മുൻപിൽ അച്ഛൻ ഗോൾ നേടാനാവാതെ പരാജയം സമ്മതിച്ചു.

വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂളിന് എതിർ വശം ജനുവിൻ സ്റ്റോഴ്സ് എന്ന വ്യാപാര സ്ഥാപനം നടത്തുന്ന രതീഷ് അങ്ങനെ മകന്റെ ഇഷ്ടം സാധിച്ചു നൽകി. കടയുടെ ചുമരിൽ പന്ത് തട്ടുന്ന ആറടിയോളം വലിപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജീവനുള്ളത് പോലെയുള്ള ചിത്രം തെളിഞ്ഞു. നാട്ടുകാർക്കെല്ലാം കൗതുകം. എന്നാലും കുട്ടി ആരാധകന്റെ വാശി കുറഞ്ഞില്ല റൊണാൾഡോയുടെ 5 ജേഴ്സി , രാജ്യത്തിന്റെ പതാക , ബൂട്ട് , ഫുട്ബോൾ തുടങ്ങിയവയെല്ലാം അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചു. ഇപ്പോൾ രതീഷും മകന്റെ പാത പിന്തുടർന്ന് പോർച്ചുഗൽ ആരാധകനാണ്.

Hot Topics

Related Articles