കാഞ്ഞങ്ങാട് :ഷവർമ കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ട പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിലെ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചതെന്ന് വിവരം.ഇന്നലെ വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചു.
പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവർ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഷവർമയ്ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.