തിരുവനന്തപുരം: ജനവാസ മേഖലകളിലേക്ക് ഇറങ്ങി ആക്രമണ ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ബില്ലിനൊപ്പം മറ്റ് പ്രധാന നിയമഭേദഗതികള്‍ക്കും അംഗീകാരം നല്‍കുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും.1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. എന്നാല്‍, കേന്ദ്രനിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ടുവരാന്‍ രാഷ്ട്രപതിയുടെ അനുമതി നിര്‍ബന്ധമാണ്.
പ്രായോഗിക തടസങ്ങള്‍ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മലയോര മേഖലയിലെ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.വന്യമൃഗങ്ങളെ “ക്ഷുദ്രജീവി”യായി പ്രഖ്യാപിക്കാനുള്ള പ്രത്യേക ബില്ലും അവതരിപ്പിക്കും. കൂടാതെ, സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നട്ട് വളര്‍ത്തിയ ചന്ദനമരങ്ങള്‍ വനം വകുപ്പ് അനുമതിയോടെ വെട്ടാനുള്ള അനുമതി നല്‍കുന്ന ബില്ലിനും മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കും.മന്ത്രിസഭയുടെ അനുമതി ലഭിച്ച ബില്ലുകള്‍ അടുത്ത സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.