തിരുവനന്തപുരം :ഓണാഘോഷത്തിന്റെയും കൗതുകത്തിന്റെയും ഭാഗമായിരുന്ന കനകക്കുന്നിലെ വൈക്കോല്‍ മെയ്സ് ഗെയിം താത്കാലികമായി അടച്ചു. അനിയന്ത്രിതമായ തിരക്കും സുരക്ഷാ പ്രശ്നങ്ങളും മുന്നില്‍ക്കണ്ട് ഗെയിം നിർത്തിവെക്കേണ്ടിവന്നതാണെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു.മാസികകളിലും ഓൺലൈൻ ഗെയിമുകളിലും കാണുന്ന ‘വഴികണ്ടുപിടിക്കാമോ’ കളിയുടെ മാതൃകയിലാണ് വൈക്കോല്‍ മെയ്സ് ഒരുക്കിയിരുന്നത്. വൈക്കോലിന്റെ നടുവിലൂടെ വഴിതെറ്റി നടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതാണ് ഗെയിമിന്റെ രസം.
കുട്ടികളെ പ്രധാനമായും ലക്ഷ്യമിട്ടെങ്കിലും മുതിര്‍ന്നവരും കുടുംബസമേതം എത്തിയത് വലിയ തിരക്കിന് കാരണമായി.പൂര്‍ണമായും വൈക്കോല്‍ കൊണ്ടാണ് ഗെയിം നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തീപ്പിടിത്ത സാധ്യതയും തിരക്കില്‍ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങളും അധികൃതര്‍ ആശങ്കയോടെ വിലയിരുത്തി. പ്രവേശനത്തിനുള്ള സമയം, പാസ്, നിയന്ത്രണ സംവിധാനം എന്നിവ ഒന്നും ഇല്ലാതിരുന്നതിനാലും ആളുകളുടെ തിരക്ക് നിയന്ത്രിക്കാനാകാതെ പോയി.“സന്ദര്‍ശകരുടെ എണ്ണത്തെ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയ ശേഷം ഗെയിം വീണ്ടും ആരംഭിക്കും,” എന്ന് കനകക്കുന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ് പറഞ്ഞു.ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയ മറ്റ് ഗെയിമുകളും കാഴ്ചകളും പതിവുപോലെ തുടരുന്നു. ചൊവ്വാഴ്ചവരെയാകും പരിപാടികള്‍ നടക്കുക.