ഗുസ്തി താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സര്‍ക്കാർ : കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചര്‍ച്ച നടത്തിയേക്കും

ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍. വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്കുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ചര്‍ച്ച നടത്തിയേക്കും. തീരുമാനത്തില്‍ നിന്ന് സാക്ഷി മാലിക്കിനെ പിന്തിരിപ്പിക്കാൻ കര്‍ഷക സംഘടനകളും ശ്രമിക്കും. ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പില്‍ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിൻ്റെ അനുയായി തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തിയതില്‍ ആണ് കായിക താരങ്ങള്‍ക്ക് പ്രതിഷേധം. ആരോപണ വിധേയനായ ബി.ജെ.പി എം.പിയുടെ ആരും തന്നെ ഫെഡറേഷൻ്റെ തലപ്പത്ത് വരില്ലെന്ന് കേന്ദ്ര കായിക മന്ത്രി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സര്‍ക്കാരും കേന്ദ്ര മന്ത്രിയും നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും താരത്തെ പിന്തിരിപ്പിക്കാനാണ് കര്‍ഷക സംഘടനാ നേതാവായ രാകേഷ് ടിക്കായത്ത് ശ്രമിക്കുന്നത്. മുൻപ് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാൻ കൊണ്ട് പോയ താരങ്ങളെ കര്‍ഷക സംഘടനാ നേതാക്കള്‍ എത്തിയാണ് പിന്തിരിപ്പിച്ചത്. സാക്ഷി മാലിക്കിൻ്റെ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിനെ വീണ്ടും സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്. ഇത് മറികടക്കാൻ താരങ്ങളുമായി കേന്ദ്ര കായികമന്ത്രി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തിയേക്കും. അതേസമയം ബ്രിജ്ഭൂഷണ് എതിരായ നിയമ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് കായിക താരങ്ങള്‍ക്കുള്ളത്.

Hot Topics

Related Articles