പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ ‘ഡോ: ഹരി പേ വാർഡ് സെന്റർ’ ഉയരുന്നു

പാമ്പാടി: പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയുടെ ദീർഘകാല സ്വപ്നമായ പേവാർഡ് ബ്ലോക്ക് യാഥാർഥ്യമാകുന്നു. പാമ്പാടിയുടെ ആരോഗ്യ ചികിത്സാ രംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അന്തരിച്ച ഡോ: സി.കെ.ഹരീന്ദ്രൻനായരുടെ സ്മാരകമായി നിർമിക്കുന്ന ‘ഡോ: ഹരി പേ വാർഡ് സെന്ററിന്റെ’ നിർമാണത്തിനായി ബ്ലോക്ക് പഞ്ചായത്തും ആശുപത്രി വികസന സമിതിയും ഭരണാനുമതി നൽകി. സർക്കാരിന്റെ അന്തിമാനുമതി ലഭിച്ചാൽ ഉടൻ ശിലാസ്ഥാപനം നിർവഹിക്കും.

Advertisements

1924 ൽ സർക്കാർ ക്ലിനിക് ആയാണ് പാമ്പാടി താലൂക്ക് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചത്. 2005 ൽ ഇത് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടു. 40 പേരെ കിടത്തി ചികിത്സിപ്പാക്കുവന്നതിൽ നിന്ന് 150 കിടക്കകളുള്ള ആശുപത്രിയായി. ഓപ്പറേഷൻ തിയറ്റർ കോപ്ലംക്സ്, 24 മണിക്കൂർ അത്യാഹിത വിഭാഗം, സ്പെഷാലിറ്റി ഒ.പികൾ എന്നിവ 2013 മുതൽ ആരംഭിച്ചു. ജനറൽ സർജറി,ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി,അനസ്ത്യേഷ്യോളജി, ഗൈനക്കോളജി, ദന്തൽ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാമ്പാടി, മീനടം, കൂരോപ്പട, കറുകച്ചാൽ, പള്ളിക്കത്തോട്, കൊടുങ്ങൂർ പൊൻകുന്നം, അകലക്കുന്നം, മണർകാട്, തുടങ്ങിയ ഏകദേശം പന്ത്രണ്ടോളം പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളുടെ ആശ്രയമാണ് ഇന്ന് പാമ്പാടി താലൂക്ക് ആശുപത്രി. ദിവസേന 700–800 ഒ.പിയും നൂറോളം ഐപിയും ഇവിടെ വരാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ആശുപത്രിയുടെ ദീർഘകാലമായ ആവശ്യമാണ് സ്വന്തമായി പേ വാർ‍ഡുകൾ എന്നത്. നിലവിൽ വാ‍ർഡ് സൗകര്യം മാത്രമേ ഉള്ളൂ. ആശുപത്രിയുടെ സാമ്പത്തികമായ നിലനിൽപ്പിനും പുരോഗതിക്കും പേവാർഡുകൾ അനിവാര്യമാണ്. നിലവിൽ ആശുപത്രിക്ക് ലഭ്യമായ സ്ഥലത്ത് മൂന്നു നിലകളിലായി 30 മുറികൾ ഉള്ള പേ വാർഡ് സമുച്ചയം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പത്തു മുറികൾ ഉള്ള ആദ്യ ബ്ലോക്കിന്റെ നിർമാണം ഉടനെ തുടങ്ങും. ഇതിന് 90 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുനത്.

പേ വാർഡിന്റെ നടത്തിപ്പിനും പരിപാലത്തിനും വേണ്ട കാര്യങ്ങൾ ആശുപത്രി വികസന സമിതി ചെയ്യുന്നതാണ്. നിർമാണത്തിനായി ഡോ: സി.കെ.ഹരീന്ദ്രൻനായരുടെ കുടുംബം തങ്ങളുടെ സംഭാവന ചെയ്യാമന്ന് സമ്മതിച്ചിട്ടുണ്ട്. ഒപ്പം ഓരോ മുറികൾക്കായും പ്രത്യേക സ്പോൺസർമാരെയും കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. പാമ്പാടിയുടെ പൊതുവായ ആവശ്യം എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നു.

‘ഹരിഡോക്ടർ’ എന്ന വിളിപ്പേരിൽ പാമ്പാടിയുടെ പൊതു രംഗത്തും വികസന ആവശ്യങ്ങൾക്കും നിറഞ്ഞ നിന്ന ഡോ: ഹരിയുടെ പേരിൽ ഈ പേവാർഡ് സെന്റർ തുടങ്ങുന്നത് ഉചിതമാകുമെന്ന് കരുതുന്നു. ചികിത്സാ രംഗത്ത് ഏതാണ്ട് 55 വർഷത്തെ പാരമ്പര്യം പേറുന്ന ഡോ. ഹരീന്ദ്രൻനായർ കേരളത്തിലെ പ്രമുഖനായ ആയുർവേദ ചികിത്സകരിൽ ഒരാളായിരുന്നു. പാമ്പാടി ആശുപത്രിയുടെ രൂപീകരണശ്രമങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചു. ആശുപത്രിയുടെ നേതൃസമിതികളിൽ അംഗമായിരുന്നു.

അലോപ്പതി, ആയുർവേദ ശാഖകൾ സംയോജിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പ് നടപ്പാക്കിയ ഡിഎഎം(ഇന്റഗ്രേറ്റഡ്) കോഴ്സ് 1959 ൽ തിരുവനന്തപുരം ഗവ. ആയുർവേദ കൊളജിൽ നിന്ന് പാസായ ഡോ: ഹരി 1962 ൽ പാമ്പാടിയിൽ ഡിസ്പെൻസറി ആരംഭിച്ചു. 1968 ൽ ഇത് ജികെഎം ആശുപത്രി എന്ന പേരിൽ കിടത്തിചികിത്സ അടക്കമുളള സൗകര്യങ്ങൾ ലഭ്യമായ ആശുപത്രിയായി വളർന്നു. പാമ്പാടിയിലെ ആദ്യത്തെ സ്വകാര്യ ആശുപത്രികളിലൊന്നായിരുന്നു ഇത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം പാമ്പാടിയിലെ രോഗികൾ ജികെഎം ആശുപത്രിയെയാണ് മുഖ്യമായും ആശ്രയിച്ചത്.

പ്രമുഖ ആയുർവേദ വൈദ്യനായ മഠത്തിൽ വൈദ്യന്റെ മകൻ കൂടിയായ ഡോ: ഹരീന്ദ്രൻ നായർ പിന്നീട് ആയുർവേദ ചികിത്സയിലേക്ക് പൂർണമായും തിരിയുകയും മഹർഷി മഹേഷ് യോഗി വേദിക് യൂണിവേഴ്സിറ്റിയുടെ രാജ്യാന്തര കൺസൾട്ടന്റ് എന്ന നിലയിൽ പതിനഞ്ചോളം രാജ്യങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു.

പാമ്പാടിയുടെ സാമൂഹിക–സാംസ്കാരിക മേഖലയ്ക്കും വലിയ സംഭാവനകൾ ചെയ്ത ഡോ: ഹരി സീനിയർ സിറ്റിസൺ ഫോറം, റെഡ് ക്രോസ് സൊസൈറ്റി, കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം, ക്ഷീര വികസന സൊസൈറ്റി, ടെലിഫോൺ യൂസേഴ്സ് ഫോറം തുടങ്ങിയവയുടെ സ്ഥാപകരിൽ പ്രമുഖനാണ്. പാമ്പാടി ഗവ. ഹൈസ്കൂൾ, ലൈബ്രറി, കെ.ജി. കോളജ് തുടങ്ങിയ ആരംഭിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃപരമായ പങ്ക് വഹിച്ചു. 2020 മാർച്ച് ഒന്നിന് 87–ാം വയസ്സിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷിക വേളയിലാണ് ഡോ: ഹരി പേ വാർഡ് സെന്റർ എന്ന സ്മാരകം ബ്ലോക്ക് പഞ്ചായത്തും ആശുപത്രി വികസന സമിതിയും പ്രഖ്യാപിക്കുന്നത്.

Hot Topics

Related Articles