മുൻ ഹരിത നേതാക്കൾക്ക് ഭാരവാഹിത്വം നൽകി യൂത്ത് ലീഗ്; ഫാത്തിമ തഹലിയ സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ഹരിത-എംഎസ്‌എഫ് തർക്കത്തില്‍ നടപടി നേരിട്ട മുൻനേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി നേരിട്ട വനിതാ നേതാക്കള്‍ക്കടക്കം ഭാരവാഹിത്വം നല്‍കിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇവർക്ക് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഹരിത മുൻ സംസ്ഥാന അധ്യക്ഷയും എംഎസ്‌എഫ് മുൻ ദേശീയ വൈസ്. പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെത്തുന്നത്.

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂർ, മുഫീദ തസ്നി, എന്നിവരെ വൈസ് പ്രസിഡന്റുമാരായും നജ്മ തബ്ശിറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. നജ്മയും മുഫീദ തസ്നിയും മുൻ ഹരിത ഭാരവാഹികളായിരുന്നു. ഹരിത വിവാദത്തില്‍ വിദ്യാർഥിനികള്‍ക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്‌എഫ് മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെടുത്തത്.

Hot Topics

Related Articles