കോട്ടയം: ജില്ലയിൽ പരക്കെ വ്യാപകമാവുന്ന വൈറൽ പനിയും തക്കാളിപ്പനിയും പരിഗണിച്ച് സ്‌കൂളുകൾക്ക് അടിയന്തിരമായി അവധി നൽകണമെന്ന് നഗരവികസന സമിതിയും രക്ഷാകർത്തൃ സംഘവും ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോട്ടയം ജില്ലയിലെ ബഹു ഭൂരിപക്ഷം സ്‌കൂളുകളിലും പനിബാധിതരായ കുട്ടികളുടെ അസാന്നിധ്യം മൂലം ക്ലാസുകൾ നടക്കുന്നില്ല എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ പനിയും ചുമയും ബാധിച്ച് ക്ലാസിൽ വരുന്നതോടെ പനിയും ചുമയും വ്യാപകമാവുകയുമാണ്. ഇക്കാര്യത്തിൽ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ വിജയിക്കുന്നില്ല.
അതിനാൽ സത്വര ശ്രദ്ധ പുലർത്തി തിങ്കൾ വരെയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പനി ദുരിതത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷയിൽ പറയുന്നു.