കോട്ടയം : മൂക്കിനൊപ്പം വെള്ളമെത്തിയിട്ടും പൂവരണി മഹാദേവൻ ഇത്തവണ ആറാടിയില്ല. ഇങ്ങനെ വെള്ളം കയറിയിട്ട് ഇതാദ്യസംഭവം. പൂവരണി ദേശാധിപതിയായ പൂവരണി തേവര്‍ എല്ലാ വര്‍ഷകാലത്തും ഒന്നോ രണ്ടോ തവണ സ്വയം ആറാടാറുണ്ട്. ഇത് പൂവരണി മഹാദേവക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ് പുഴവെള്ളത്തിലുള്ള ഈ ആറാട്ട്. പൂവരണി ക്ഷേത്രത്തിന് അതിരിട്ടൊഴുകുന്ന മീനച്ചില്‍ തോട് വര്‍ഷകാലത്ത് ഒന്നോ രണ്ടോ തവണ കരകയറാറുണ്ട്.
കനത്തമഴയില്‍ കരകയറുന്ന മീനച്ചില്‍തോട് ശ്രീകോവിലിനുള്ളിലേക്ക് ഇരമ്ബിയാര്‍ത്തെത്തും. ആദ്യം ശ്രീകോവിലിനെ വലംവയ്ക്കും. തുടര്‍ന്ന് തിരുനട കടന്ന് ശ്രീകോവിലിലേക്ക് കുതിച്ചെത്തുന്ന പുഴവെള്ളം മഹാദേവനെ ആലിംഗനം ചെയ്യും. തുടര്‍ന്ന് ഒരു മണിക്കൂറോളം മഹാദേവന് വിശാലമായ കുളി. ഇതിനെല്ലാം സാക്ഷിയായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കും. 2018 ലെയും 2019 ലെയും പ്രളയകാലത്ത് മൂന്ന് തവണയോളം ഭഗവാൻ പുഴവെള്ളത്തില്‍ ആറാടി. പതിവുള്ള ആറാട്ടുത്സവം മകരത്തിലെ തിരുവാതിര നാളിലാണ്. ഇതിനു പുറമെയാണ് പുഴവെള്ളത്തിലുള്ള ഭഗവാന്റെ ആറാട്ട്. പുഴവെള്ളത്തിലുള്ള സ്വയം ആറാട്ടിന് ശേഷം ആറാട്ടുചടങ്ങുകളും പൂജകളുമെല്ലാം നടത്താറുണ്ടെന്ന് മേല്‍ശാന്തി കല്ലമ്പള്ളി വിഷ്ണു നമ്പൂതിരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലത്തെ പൂജകളെല്ലാം പൂര്‍ത്തിയാക്കി എട്ട് മണിക്ക് നടയടച്ച് മേല്‍ശാന്തി പുറത്തേക്കിറങ്ങിയതും പുഴവെള്ളം ഒഴുകിയെത്തിയതും ഒരുമിച്ചായിരുന്നു. പക്ഷേ ശ്രീകോവിലിന് ഉള്ളിലേക്ക് കയറിയ വെള്ളം ഭഗവാന്റെ മൂക്കിന് തൊട്ടുമുമ്പുവരെയേ എത്തിയുള്ളൂ. വൈകുന്നേരത്തോടെ വെള്ളം ഇറങ്ങുകയും ചെയ്തു. ഇതോടെ ആറാട്ട് പൂര്‍ത്തിയാകാത്തതിനാല്‍ ആറാട്ടു ചടങ്ങുകളും നടത്തിയില്ല.