മുംബൈ : വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ യുവതാരം അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷൻ ഓപ്പണറായി ഇറങ്ങണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മ ഈ ലോകകപ്പില്‍ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറു മത്സരങ്ങളില്‍ നിന്ന് 13.3 ശരാശരിയില്‍ 80 റണ്‍സ് മാത്രമാണ് താരം നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്തായ അഭിഷേക്, വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തില്‍ 11 പന്തില്‍ 10 റണ്‍സ് മാത്രം നേടി.
സെമിയില്‍ അഭിഷേകിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിന് മുൻപ് താരത്തിന്റെ ആത്മവിശ്വാസ നില ടീം മാനേജ്മെന്റ് വിലയിരുത്തണമെന്ന് ശാസ്ത്രി പറഞ്ഞു. നെറ്റ്‌സിലെ പ്രകടനവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനസികമായി തളർച്ചയുണ്ടെങ്കില്‍ സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കുകയും മധ്യനിരയില്‍ റിങ്കു സിംഗിനെ തിരികെ കൊണ്ടുവരികയും ചെയ്യാമെന്ന നിർദ്ദേശമാണ് ശാസ്ത്രി മുന്നോട്ടുവച്ചത്. അതേസമയം, കഴിഞ്ഞ വർഷം വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരെ അഭിഷേക് 54 പന്തില്‍ 135 റണ്‍സ് നേടിയതും ശാസ്ത്രി ഓർമ്മിപ്പിച്ചു. ഒരു ഇന്ത്യൻ താരം ടി20യില്‍ നേടുന്ന ഉയർന്ന വ്യക്തിഗത സ്കോറുകളിലൊന്നാണ് ആ ഇന്നിംഗ്സ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ടൂർണമെന്റില്‍ മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ ഏഴ് മത്സരങ്ങളില്‍ നിന്ന് 185 സ്ട്രൈക്ക് റേറ്റില്‍ 224 റണ്‍സ് നേടിയിട്ടുണ്ട്. നമീബിയക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ഇഷാൻ 24 പന്തില്‍ 61 റണ്‍സ് അടിച്ചുകൂട്ടി ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു. അതേസമയം, അഭിഷേകിനെ മാറ്റണമെന്ന വാദങ്ങള്‍ക്കിടയിലും മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് താരത്തിന് പിന്തുണ നല്‍കി. സെമി ഫൈനലില്‍ അഭിഷേകിന് സർപ്രൈസ് പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസം പോണ്ടിംഗ് പ്രകടിപ്പിച്ചു. തുടർച്ചയായ പരാജയങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ പരിശീലനത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുന്നതും സഹായകരമാകുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
സെമിക്ക് മുൻപ് ടീം മാനേജ്മെന്റ് എടുക്കുന്ന തീരുമാനം നിർണായകമാകുമെന്ന് വ്യക്തമാണ്. പരിചയസമ്പന്നരുടെ ഉപദേശം കേട്ടുകൊണ്ട് ഇന്ത്യ ഏത് കോമ്പിനേഷനുമായാണ് ഇറങ്ങുക എന്നതിലാണ് ആരാധകരുടെ കണ്ണ്.


