മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന ആശങ്ക മലയാളി താരം സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരെയുള്ള മോശം റെക്കോർഡാണ്. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 97 റണ്‍സുമായി മിന്നും ഫോമിലാണെങ്കിലും, വാംഖഡെയിലെ പിച്ചില്‍ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഉയർത്തുന്ന വെല്ലുവിളി സഞ്ജുവിന് വലിയ പരീക്ഷണമാകും.
കണക്കുകള്‍ പരിശോധിച്ചാല്‍ സഞ്ജുവിനെതിരെ ജോഫ്ര ആർച്ചർക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. അഞ്ച് ഇന്നിംഗ്‌സുകളില്‍ മൂന്ന് തവണയും സഞ്ജുവിനെ പുറത്താക്കാൻ ആർച്ചർക്ക് കഴിഞ്ഞു. ആർച്ചർക്കെതിരെ വെറും 8.33 മാത്രമാണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. ആർച്ചർ എറിഞ്ഞ 23 പന്തുകളില്‍ 13 എണ്ണത്തിലും റണ്ണെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വാംഖഡെയിലെ പിച്ചില്‍ ലഭിക്കുന്ന അധിക ബൗണ്‍സ് മുതലെടുത്ത് സഞ്ജുവിനെ ഷോർട്ട് ബോളുകളില്‍ കുടുക്കാനായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. മുൻപ് സാം കറനും സഞ്ജുവിനെ ഇതേ രീതിയില്‍ ഐപിഎല്ലില്‍ കുടുക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 51 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. 10.20 ശരാശരിയും 118.60 സ്ട്രൈക്ക് റേറ്റും മാത്രമുള്ള സഞ്ജുവിന് ഇംഗ്ലീഷ് ബൗളിംഗ് നിര വലിയൊരു വെല്ലുവിളി തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജുവിനെ സമ്മർദ്ദത്തിലാക്കാൻ ജോഷ് ടങ്ങ് എന്ന പേസറെ കൂടി ടീമില്‍ ഉള്‍പ്പെടുത്താൻ ഇംഗ്ലണ്ട് ആലോചിക്കുന്നുണ്ട്. മാർക്ക് വുഡ്, സാഖിബ് മഹമ്മൂദ് എന്നിവരും മുൻപ് ഷോർട്ട് ബോളുകളിലൂടെ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവർക്കെതിരെയും സഞ്ജുവിൻ്റെ ശരാശരി 15-ല്‍ താഴെയാണ്. എങ്കിലും, കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇൻഡീസിനെതിരെ കാഴ്ച്ചവെച്ച ആ പോരാട്ടവീര്യം വാംഖഡെയിലും ആവർത്തിക്കാൻ സഞ്ജുവിന് സാധിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാകും.


