പ്രൊവിഡൻസ്: തുടർച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യൻ യുവനിരയ്ക്ക് തോൽവി. നിക്കോളാസ് പൂരാന്റെ വെടിക്കെട്ട് ബാറ്റിംങിന് ഒപ്പം ഇന്ത്യൻ ബാറ്റർമാരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇന്ത്യയ്ക്ക് തോൽവി സമ്മാനിച്ചത്. രണ്ടു വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി 152 റണ്ണാണ് എടുത്തത്. മറുപടി ബാറ്റിംങിൽ എട്ടു വിക്കറ്റ് നഷ്ടമാക്കിയ വെസ്റ്റ് ഇൻഡീസ് 155 റൺ നേടി വിജയം ഉറപ്പിച്ചു.
ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തിലക് വർമ്മ ബാറ്റ് ചെയ്തപ്പോൾ ഒഴികെ ഒരു ഘട്ടത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 41 പന്തിൽ അഞ്ചു ഫോറും ഒരു സിക്‌സും പറത്തി 51 റണ്ണെടുത്ത തിലക് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോററർ. 27 റണ്ണെടുത്ത ഇഷാനും, 24 റണ്ണെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും 14 റണ്ണെടുത്ത അക്‌സർ പട്ടേലിനും ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. പന്തെറിഞ്ഞ വെസ്റ്റ് ഇൻഡീസിനു വേണ്ടി ഹൊസൈൻ, അൽസാരി ജോസഫ്, ഷെപ്പേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ റണ്ണെടുക്കും മുൻപ് ആദ്യ വിക്കറ്റും, 32 റണ്ണിന് മൂന്നു വിക്കറ്റും വീണെങ്കിലും 40 പന്തിൽ 67 റൺ അടിച്ചു കൂട്ടി നിക്കോളാസ് പൂരാനാണ് വെസ്റ്റ് ഇൻഡീസിനെ അടിച്ചു പറപ്പിച്ച് വിജയത്തിൽ എത്തിച്ചത്. ക്യാപ്റ്റൻ റോമാൻ പവൽ (21) , ഹിറ്റ് മേർ (22) ഹൊസൈൻ (16) അൽസാരി ജോസഫ് (10) എന്നിവർ വിജയത്തിൽ നിർണ്ണായകമായ സംഭാവന നൽകി.