ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക എന്നത് എക്‌സ്ട്രാ ഓര്‍ഡിണറിയായിരിക്കും ; ഇന്ത്യയുടെ പരിശീലകനാകാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ ഓസ്ട്രേലിയൻ താരം

ന്യൂസ് ഡെസ്ക് : രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്.ഇപ്പോഴിതാ മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗര്‍ താല്‍പര്യം അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുകയാണ്. ഇതോടെയാണ് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ബിസിസിഐ ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് ലാംഗര്‍ താല്‍പര്യം അറിയിച്ച്‌ രംഗത്തെത്തിയത്. ”എനിക്ക് ആകാംഷയുണ്ട്.ഞാന്‍ മുമ്പൊരിക്കലും അതേക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. പക്ഷെ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക എന്നത് എക്‌സ്ട്രാ ഓര്‍ഡിണറിയായിരിക്കും” എന്നാണ് ലാംഗര്‍ ടൈംസ് ഓഫ് ഇന്ത്യയോടായി പറഞ്ഞത്. അതേസമയം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് രാഹുല്‍ ദ്രാവിഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റേതൊരാളേയും പോലെ തന്നെ ഔദ്യോഗികമായി അപേക്ഷിക്കാം എന്നാണ് നേരത്തെ ബിസിസിഐ പറഞ്ഞത്.

എന്നാല്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരാന്‍ രാഹുല്‍ ദ്രാവിഡ് ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു വിദേശി ഇന്ത്യയെ പരിശീലിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ലെന്ന് നേരത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഡങ്കണ്‍ ഫ്‌ളെച്ചറായിരുന്നു ഇന്ത്യയുടെ പരിശീലകനായിരുന്നു അവസാന വിദേശി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്‌ളച്ചറിന് ശേഷം അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നീ മുന്‍ ഇന്ത്യന്‍ താരങ്ങളാണ് ഇന്ത്യയുടെ പരിശീലകരായത്. അതേസമയം ഇതില്‍ നിന്നൊരു മാറ്റം ബിസിസിഐ ആഗ്രഹിക്കുകയും ലാംഗര്‍ ഇന്ത്യയുടെ പരിശീലകനാവുകയും ചെയ്താല്‍ അത് നിര്‍ണായകമായൊരു തീരുമാനമായി മാറുമെന്നുറപ്പാണ്. 105 ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുള്ള താരമാണ് ലാംഗര്‍. 7600 റണ്‍സുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ടീമിനെ നാല് കൊല്ലം പരിശീലിപ്പിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. 2018 ലെ സാന്റ്‌പേപ്പര്‍ഗേറ്റ് വിവാദത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ നിര്‍ണായകമായിരുന്നു ലാംഗറിന്റെ പരിശീലനം. 2021 ല്‍ ഓസ്‌ട്രേലിയയെ ആദ്യമായി ട്വന്റി-20 ലോകകപ്പ് ജേതാക്കളാക്കാനും ലാംഗറിന് സാധിച്ചിരുന്നു.

നിലവില്‍ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരിശീലകനാണ് ലാംഗര്‍. പ്ലേ ഓഫ് സാധ്യതയിലുള്ള ടീമാണ് എല്‍എസ്ജി. എന്നാല്‍ ടീമിന്റെ സമീപനം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്തായാലും ആരാകും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രാഹുലിന്റെ കീഴില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പ് എന്ന സ്വപ്‌നം രണ്ട് തവണ കൈവിട്ടതിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനുണ്ടാകും.

Hot Topics

Related Articles