ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ് : ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടിയത് ഒഡീഷ എഫ്‌സി പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തിയതോടെ   

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി പഞ്ചാബ് എഫ്‌സിയെ പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് യോഗ്യത ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ്‌സിയുടെ പരാജയം. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ആറ് ടീമുകളില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. പഞ്ചാബിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 34-ാം മിനിറ്റില്‍ തന്നെ ഒഡീഷ എഫ്‌സി ലീഡെടുത്തു. ഡീഗോ മൗറീഷ്യോയുടെ തകര്‍പ്പന്‍ ഗോളാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. എന്നാല്‍ 38-ാം മിനിറ്റില്‍ തന്നെ പഞ്ചാബ് ഒപ്പമെത്തി. മാദിഹ് തലാലാണ് പഞ്ചാബിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ ഒഡീഷ ആക്രമണം കടുപ്പിച്ചു. 61-ാം മിനിറ്റില്‍ ഐസക് വന്‍ലാല്‍റുത്‌ഫെലയിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഡീഗോ മൗറീഷ്യോ ഒഡീഷയുടെ ആധികാരിക വിജയം ഉറപ്പിച്ചു. 20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുള്ള ഒഡീഷ പോയിന്റ് ടേബിളില്‍ രണ്ടാമതാണ്. 21 പോയിന്റുമായി എട്ടാമതുള്ള പഞ്ചാബ് പരാജയം വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട് പ്രവേശനം. നിലവില്‍ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പിറകിലുള്ള ആര്‍ക്കും ഇനി 30ന് മുകളില്‍ പോയിന്റ് നേടാനാവില്ല.

Advertisements

Hot Topics

Related Articles