തട്ടിമുട്ടി ഗുജറാത്ത് ! പഞ്ചാബിനെ തകർത്ത് മൂന്ന് വിക്കറ്റ് വിജയം 

മുള്ളൻപൂർ : ചെറിയ സ്കോർ കണ്ട മത്സരത്തിൽ പഞ്ചാബിന് എതിരെ തട്ടി മുട്ടി ജയിച്ച് ഗുജറാത്ത്. ചണ്ഡീഗഢില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സാം കറനും സംഘവും നിശ്ചിത 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ടായി.  അവസാന ഓവറിൽ ഫോറടിച്ച് തിവാത്തിയ ആണ് ഗുജറാത്തിനെ വിജയിപ്പിച്ചത്. ടൈറ്റന്‍സിനായി സ്‌പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി. നൂര്‍ അഹമ്മദും മോഹിത് ശര്‍മ്മയും രണ്ട് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും പേരിലാക്കി. വാലറ്റത്ത് 12 പന്തില്‍ 29 റണ്‍സ് എടുത്ത ഹര്‍പ്രീത് ബ്രാറാണ് കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പഞ്ചാബിന്‍റെ മാനം കാത്തത്.

സ്വന്തം തട്ടകത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിനായി പ്രഭ്‌സിമ്രാന്‍ സിംഗിനൊപ്പം ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ സാം കറനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. ഇരുവരും ആദ്യ വിക്കറ്റില്‍ 5.3 ഓവറില്‍ 52 റണ്‍സ് ചേര്‍ത്തു. പ്രഭ്‌സിമ്രാന്‍ 21 പന്തില്‍ 35 ഉം, കറന്‍ 19 പന്തില്‍ 20 ഉം റണ്‍സുമായി മടങ്ങി. മീഡിയം പേസര്‍ മോഹിത് ശര്‍മ്മയ്ക്കും സ്‌പിന്നര്‍ റാഷിദ്‌ ഖാനുമായിരുന്നു യഥാക്രമം വിക്കറ്റുകള്‍. ഇതിന് ശേഷം വന്ന റൈലി റൂസ്സേയേയും (7 പന്തില്‍ 9), ലിയാം ലിവിംഗ്‌സ്റ്റണിനെയും (9 പന്തില്‍ 6) സ്‌പിന്നര്‍ നൂര്‍ അഹമ്മദ് പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയെയും (12 പന്തില്‍ 13), വെടിക്കെട്ട് വീരന്‍ അഷുതോഷ് ശര്‍മ്മയെയും (8 പന്തില്‍ 3) മറ്റൊരു സ്‌പിന്നര്‍ സായ് കിഷോറും മടക്കിയതോടെ പഞ്ചാബ് 13.5 ഓവറില്‍ 92-6 എന്ന നിലയില്‍ പ്രതിരോധത്തിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബ് കിംഗ്‌സിന്‍റെ രക്ഷകന്‍ എന്ന വിശേഷണമുള്ള വെടിക്കെട്ട് ബാറ്റര്‍ ശശാങ്ക് സിംഗിനും (12 പന്തില്‍ 8) സായ് കിഷോറിന് മുന്നില്‍ കീഴടങ്ങാനായിരുന്നു വിധി. എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇംപാക്‌ട് സബ് ഹര്‍പ്രീത് സിംഗ് ഭാട്ടിയയും വാലറ്റക്കാരന്‍ ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് പഞ്ചാബിനെ 100 കടത്തി. ഇരുവരും പഞ്ചാബിനെ 150 തൊടീക്കും എന്ന് കരുതിയെങ്കിലും 12 പന്തില്‍ 29 എടുത്ത് നില്‍ക്കേ 19-ാം ഓവറില്‍ ബ്രാറിനെ പുറത്താക്കി സായ് കിഷോര്‍ നാല് വിക്കറ്റ് തികച്ചു. മോഹിത് ശര്‍മ്മ 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെ ഗോള്‍ഡന്‍ ഡക്കാക്കിയപ്പോള്‍ അവസാന ബോളില്‍ ഹര്‍പ്രീത് ഭാട്ടിയ (19 പന്തില്‍ 14) റണ്ണൗട്ടായതോടെ 10 വിക്കറ്റും വീണു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ആവേശം തെല്ലും ഉണ്ടായിരുന്നില്ല. 25 ൽ സാഹ (13) പുറത്തായെങ്കിലും ഗില്ലും (35) സായി സുദർശനും (31) ചേർന്നു കൂടുതൽ അപകടമില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോയി. ഇരുവരും പുറത്തായതിന് പിന്നാലെ മില്ലറും (4) ഒമറാസിയും (13) , ഷാറുഖ് ഖാനും (8) , റാഷിദ് ഖാദും (3) പുറത്തായെങ്കിലും തിവാത്തിയ ഒരുവശത്ത് ഉറച്ചു നിന്നതായിരുന്നു ഗുജറാത്തിന്റെ പ്രതീക്ഷകൾ. 18 പന്തിൽ 38 റണ്ണുമായി പുറത്താകാതെയാണ് ഗുജറാത്തിലെ മൂന്നു വിക്കറ്റ് വിജയത്തിൽ എത്തിച്ചത്. 

സ്കോർ 

പഞ്ചാബ് – 142/10 

ഗുജറാത്ത് – 146 / 7 

Hot Topics

Related Articles