ദൗർഭാഗ്യമേ നിന്റെ പേരോ ബാംഗ്ലൂർ…! അവസാന ഓവറിലെ അവസാന പന്തിൽ റണ്ണൗട്ട്; ഒരൊറ്റ റണ്ണിന്റെ തോൽവിയുമായി ആർസിബി

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ദൗർഭാഗ്യത്തിന് ഒരു പേരുണ്ടെങ്കിൽ അത് ബാംഗ്ലൂർ എന്നാണ്. ലീഗിലെ നിർണ്ണായക മത്സരത്തിൽ മികച്ച പോരാട്ടം നടത്തിയെങ്കിലും അവസാന പന്തിൽ രണ്ടാം റണ്ണിന് ഓടിയ ബാറ്റർ റണ്ണൗട്ടായതോടെ ബാംഗ്ലൂരിന് കൊൽക്കത്തയ്ക്ക് എതിരെ ഒറ്റ റണ്ണിന്റെ തോൽവി. അവസാന ഓവറിൽ തകർത്തടിച്ച കരൺ ശർമ്മ വിജയപ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം പന്തിൽ പുറത്തായതാണ് ബാംഗ്ലൂരിനെ തകർത്തത്.
സ്‌കോർ
കൊൽക്കത്ത – 222/6
ബാംഗ്ലൂർ – 221

ഈഡൻ ഗാർഡൻിൽ ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയ ബാറ്റിംങിന് അയക്കുകയായിരുന്നു. വെടിക്കെട്ട് തുടക്കമാണ് ഫിൽ സാൾട്ട് (14 പന്തിൽ 48) കൊൽക്കത്തയ്ക്ക് നൽകിയത്. പിന്നീട്, സുനിൽ നരേൻ (10), രഘുവംശി (3), വെങ്കിടേഷ് അയ്യർ (16) എന്നിവർ വീണതോടെ കുറഞ്ഞ സ്‌കോറിൽ കൊൽക്കത്തയെ ഒതുക്കാമെന്ന് ബാംഗ്ലൂർ സ്വപ്‌നം കണ്ടു. 97 ന് നാല് എന്ന നിലയിൽ തകർന്ന ടീമിനെ ശ്രേയസ് അയ്യർ (36 പന്തിൽ 50), റിങ്കു സിംങ് (16 പന്തിൽ 24), റസൽ (20 പന്തിൽ 27) എന്നിവർ അപകടം കൂടാതെ കാത്തു. എന്നാൽ, അവസാനം ഇറങ്ങി ഒൻപത് പന്തിൽ 24 റൺ അടിച്ചു കൂട്ടിയ രമൺ ദീപ് സിംങ് കൊൽക്കത്തയെ 200 ന് മുകളിലുള്ള ടോട്ടലിൽ എത്തിച്ചു. ബാംഗ്ലൂരിനായി കാമറൂൺ ഗ്രീനും യഷ് ദയാലും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജും ലോക്കി ഫെർഗുൻസണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും വിരാടും (18), ഫാഫും (ഏഴ്) വേഗം വീണത് ബാംഗ്ലൂരിനെ പ്രതിസന്ധിയിലാക്കി. വിൽ ജാക്‌സും (55), പട്ടിദാറും (52) ഒത്ത് ചേർന്നതോടെ ബാംഗ്ലൂർ വിജയം മണത്തു. എന്നാൽ, ഇരുവർക്കും പിന്നാലെ കാമറൂൺ ഗ്രീനും (6) , മഹിപാൽ ലാമോറും (4) മടങ്ങിയതോടെ ബാംഗ്ലൂർ 155 ന് ആറ് എന്ന നിലയിൽ തകർന്നു. കളി അവസാനിച്ചു എന്ന് കരുതുമ്പോൾ പ്രഭുദേശായിയും (24), കാർത്തിക്കും (25) ബാംഗ്ലൂരിനെ തിരികെ കളിയിലേയ്ക്ക് എത്തിച്ചു. രണ്ടു പേരും വീണതോടെ തോൽവി ഉറപ്പിച്ചിരുന്ന ബാംഗ്ലൂരിന് അവസാന ഓവറിൽ അപ്രതീക്ഷിതമായി ശ്വാസം ലഭിച്ചു. തനിക്ക് ലഭിച്ച ഏഴു പന്തിൽ 20 റൺ അടിച്ച കരൺ ശർമ്മ അവസാന ഓവറിൽ സ്റ്റാർക്കിന്റെ മൂന്നു പന്തുകൾ സിക്‌സറിനു പറത്തി. ഒരു ഓവറിൽ 21 റൺ വിജയിക്കാൻ വേണ്ടി നിൽക്കെ രണ്ട് പന്തിൽ മൂന്ന് റൺ എന്ന നിലയിൽ കരൺ കളി എത്തിച്ചു. എന്നാൽ, അഞ്ചാം പന്തിൽ ദൗർഭാഗ്യത്തിന്റെ റിട്ടേൺ ക്യാച്ചിലൂടെ കരൺ പുറത്ത്. അവസാന പന്തിൽ രണ്ടാം റണ്ണോടി കളി ടൈ ആക്കാനുള്ള ശ്രമത്തിനിടെ ലോക്കി ഫെർഗുൺസൺ റണ്ണൗട്ട്..! വീണ്ടും ദൗർഭാഗ്യം തോൽവിയുടെ രൂപത്തിൽ ബാംഗ്ലൂരിന് മുന്നിൽ.

Hot Topics

Related Articles