മാധ്യമ പ്രവർത്തകർക്ക് തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി സൗദി

റിയാദ്​: സൗദിയിൽ മാധ്യപ്രവർത്തകർക്ക്​ തൊഴിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇതിനുള്ള തീയതി ഏപ്രിൽ 30 ആയി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നിർണയിച്ചു. മീഡിയ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർ മുൻകൈയെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകരുടെ അവകാശ സംരക്ഷണത്തെയും തൊഴിൽ പ്രകടനത്തെയും കഴിവുകളുടെ ശാക്തീകരണത്തെയും പ്രതിനിധീകരിക്കുന്നതാണ് തൊഴിൽ രജിസ്ട്രേഷൻ. മാധ്യമ തൊഴിലുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതിലർപ്പെട്ടവരുടെ ഡാറ്റ രേഖപ്പെടുത്താനും പ്രത്യേക ഇവൻറുകൾ, വർക്ഷാപ്പുകൾ, സെമിനാറുകൾ എന്നിവയിൽ മുൻഗണനാ ഹാജർ ഉൾപ്പെടെ നിരവധി നേട്ടങ്ങളിൽ നിന്ന് പ്രയോജനം നേടാനുമാണ് തൊഴിൽ രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി സൂചിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാധ്യമ മേഖലയിലെ 50ലധികം പ്രൊഫഷനുകൾ രജിസ്ട്രേഷനിൽ ഉൾപ്പെടുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ ആദ്യത്തിലാണ് മീഡിയ റെഗുലേറ്ററി അതോറിറ്റി മാധ്യമ പ്രവർത്തകർക്കുള്ള തൊഴിൽ രജിസ്ട്രേഷൻ രണ്ടാം ഘട്ടം ആരംഭിച്ചത്. മാധ്യമ മേഖലയിലെ എല്ലാവരും നിർബന്ധമായി രജിസ്റ്റർ ചെയ്യാൻ വേണ്ടിയാണിത്. 2024 ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തൊഴിൽ രജിസ്റ്റർ ചെയ്യാൻ അതോറിറ്റി മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles