കണ്ണൂർ:ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയ എട്ടുവയസുകാരിയെ യുവാക്കളുടെ സാന്നിധ്യബുദ്ധിയാണ് രക്ഷിച്ചത്. കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പുറത്ത് വന്നത്.സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. “കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച യുവാക്കൾക്ക് നന്ദി” എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തത്.റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത് പച്ചക്കറി വാങ്ങിക്കൊണ്ടിരിക്കുകയായിരുന്ന യുവാക്കളെയാണ് പെൺകുട്ടി സമീപിച്ചത്.
ചെറിയ സൈക്കിളിൽ വന്ന കുട്ടി ചൂയിംഗം വായിൽ ഇടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അൽപ്പനേരത്തിനുള്ളിൽ തന്നെ ശ്വാസം മുട്ടിയ കുട്ടി സഹായം തേടി യുവാക്കളുടെ അടുത്തേക്ക് സൈക്കിള്‍ ഓടിച്ചെത്തി. ഉടൻ തന്നെ യുവാക്കളിലൊരാൾ കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചു.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യുവാക്കളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. അപകടത്തിൽപ്പെട്ട കുട്ടിയുടെ ബുദ്ധിയും മനസാന്നിദ്ധ്യവും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.”സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഇത്തരം പ്രഥമ ശുശ്രൂഷാ അറിവുകളും കുട്ടികൾക്ക് നൽകണം”, “യുവാക്കളുടെ ഇടപെടൽ ഒരുജീവൻ രക്ഷിച്ചു”, “കുട്ടിയുടെ ധൈര്യത്തിന് അഭിനന്ദനം” — ഇങ്ങനെ വിവിധ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.