സ്ത്രീയെന്ന നിലയിലുള്ള ആക്രമണം മാത്രമല്ല, നടക്കുന്നത് രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യല്‍; കെ.കെ ശൈലജ

വടകര : സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയില്‍ മാത്രമല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. വ്യാജ പേജുകളുണ്ടാക്കി ആസൂത്രിതമായുള്ള ആക്രമണമാണിതെന്നും സ്ഥാനാര്‍ത്ഥിയുടെ പേജിലും തനിക്കെതിരായ ആക്രമണം വന്നിട്ടുണ്ടെന്നും കെ കെ ശൈലജ ആരോപിച്ചു.

അത്തരം പ്രചാരണങ്ങളെ തള്ളിപ്പറയാന്‍ സ്ഥാനാര്‍ത്ഥിയോ നേതാക്കളോ തയാറായില്ലെന്ന് ശൈലജ വിമര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്ന സംശയം ഉയരുന്നത് ഇതുകൊണ്ടാണ്. തുടക്കത്തില്‍ തന്നെ പരാതി നല്‍കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വ്യാജപ്രചാരണത്തെ വിലക്കിയില്ലെന്ന് കെ കെ ശൈലജ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫ് ആണെന്ന് ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി നേതൃത്വവും. വ്യക്തിഹത്യയ്ക്ക് പിന്നില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ശക്തമായി എതിര്‍ത്താണ് യുഡിഎഫ് നേതാക്കളുടെ പ്രതിരോധം. ശൈലജ വൈകാരിക നുണപ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

വ്യക്തിഹത്യ നടത്തുന്നത് ആരായാലും മുഖം നോക്കാതെ നടപടി വേണമെന്ന് പറഞ്ഞ കെകെ രമ എംഎല്‍എ സൈബര്‍ ആക്രമണത്തില്‍ യു.ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനോ നേതാക്കള്‍ക്കോ പങ്കില്ലെന്ന് പ്രതികരിച്ചു. പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഐഎം നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും കെ കെ രമ പറഞ്ഞു. 

രാഷ്ട്രീയമായിട്ടുള്ള മല്‍സരമാണെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടണമെന്ന് ഉമ തോമസ് എംഎല്‍എയും പറഞ്ഞു. സൈബര്‍ ആക്രമണം വടകരയില്‍ പ്രധാന ചര്‍ച്ചാ വിഷയമായതോടെ എല്ലാവരും സംയമനം പാലിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Hot Topics

Related Articles