കടുത്തുരുത്തി ബൈപ്പാസ് ജൂലൈ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; നാടിന്റെ സ്വപ്ന പദ്ധതിയെന്ന് മന്ത്രി മോൻസ് ജോസഫ് 

കടുത്തുരുത്തി : കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപ്പാസിൻ്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 5 മണിക്ക്  മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുമെന്ന് ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു.

Advertisements

കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഐ.ടി.സി ജംഗ്ഷനു സമീപത്തായി അവസാനിക്കുന്ന വിധത്തിൽ  നിർമ്മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപ്പാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും കടുത്ത യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കിയിട്ടുള്ളത്. കാൽ നട യാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഫ്ലൈഓവർ ,കടുത്തുരുത്തി വലിയ തോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങൾ ബ്ലോക്ക് ജംഗ്ഷന് സമീപത്തുള്ള അടിപ്പാത നിർമ്മാണം, ബൈപ്പാസിലെ അവശേഷിക്കുന്ന ഭാഗങ്ങൾ മണ്ണിട്ടുയർത്തി പുതിയതായി രൂപം കൊടുത്ത റോഡ് നിർമ്മാണം എന്നിവയെല്ലാം ചേർത്താണ് 1.5 കിലോമീറ്റർ ദൂരത്തിൽ കടുത്തുരുത്തി ബൈപ്പാസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 

പുതിയ റോഡിൽ ബി എം & ബി സി ടാറിംഗ് നടപ്പാക്കിയതിലൂടെ വാഹന യാത്ര സുഗമമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട് . ദീർഘദൂര യാത്രക്കാർക്ക് സമയലാഭം കിട്ടുന്ന കടുത്തുരുത്തി ബൈപ്പാസ് റോഡ് ജനോപകാരപ്രദമായ മാതൃകാ പദ്ധതിയായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്. ടാർ ചെയ്തിരിക്കുന്ന ഭാഗം കഴിഞ്ഞ് ഇരുവശത്തും ബാക്കി വരുന്ന സ്ഥലങ്ങൾ ഫുട്പാത്ത് നിർമ്മാണത്തിനും വാഹന പാർക്കിങ്ങിനും മാത്രമായി ഉപയോഗിക്കുന്നതാണ് . കടുത്തിരുത്തി ബൈപ്പാസ് റോഡിൽ പെട്ടിക്കടകളും വഴിയോര കച്ചവടവും പൂർണമായി നിരോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പും പോലീസും തീരുമാനമെടുത്തിട്ടുണ്ട് . ഇത് സംബന്ധിച്ചുള്ള ഉദ്യോഗിക ഉത്തരവ് ഉടനെ പുറപ്പെടുവിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. വാഹന യാത്രയ്ക്കും കാൽനട യാത്രക്കാർക്കും മാത്രമായി ബൈപാസ് റോഡ് പൂർണമായും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങൾ ലംഘിച്ച് കയ്യേറ്റങ്ങൾ ഉണ്ടായാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ വികസനരംഗത്ത് അഭിമാനകരമായ നേട്ടമായി തീരുന്ന കടുത്തുരുത്തി ടൗൺ ബൈപാസ് റോഡിന്റെ നിർമ്മാണത്തിന് അനുകൂല സാഹചര്യമുണ്ടായത് കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന 2007 – 2008 കാലഘട്ടത്തിലാണ്. കടുത്തുരുത്തി ബൈപ്പാസ് വികസന പദ്ധതി 1996 – 2001 കാലഘട്ടത്തിൽ സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷൻ കൊടുത്തു ഉൾപ്പെടുത്തിയെങ്കിലും സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.

 2013 കാലഘട്ടത്തിലാണ് സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ച് കടുത്തുരുത്തി ബൈപ്പാസിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2018 ൽ ഉണ്ടായ പ്രളയത്തെ തുടർന്ന് കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയതിനെതുടർന്ന് ബൈപ്പാസിൻ്റെ ഡിസൈനിൽ ആവശ്യമായ മാറ്റങ്ങൾ ഒരുക്കാൻ സർക്കാർ നിർദേശിച്ചു. കടുത്തുരുത്തി വലിയതോടിന് കുറുകെയുള്ള പാലത്തിൻ്റെ ഉയരം കൂട്ടുന്നതിനും പാലത്തിൻ്റെ ഇരുവശവും ലാൻഡ്സ്പാൻ പുതുതായി കൂട്ടിച്ചേർത്ത് നീരൊഴുക്ക് സുഗമമാക്കുന്ന വിധത്തിൽ പാലത്തിൻ്റെ നീളം വർദ്ധിപ്പിക്കുവാനും പൊതുമരാമത്ത് വകുപ്പ് 2021 ൽ പുതുക്കി അനുമതി നൽകി. ഇതിന് ശേഷമാണ് ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. 3 ഘട്ടങ്ങളിലായിട്ടാണ് ബൈപ്പാസ് നിർമ്മാണം ഇപ്പോൾ  പൂർത്തീകരിച്ചിട്ടുള്ളത് . 

ജൂലൈ 18ന് 5 മണിക്ക് ഐ.ടി.സി ജംഗ്ഷന് സമീപത്തുള്ള ബൈപ്പാസ് റോഡിൻ്റെ പ്രവേശനകവാടത്തിൽ വെച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിവിധ ജനപ്രതിനിധികൾക്കും സ്വീകരണം നൽകുന്നതാണ്. ഇതിനെ തുടർന്ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന റോഡ് ഷോ ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച് ബ്ലോക്ക് ജംഗ്ഷനിൽ എത്തുന്നതാണ് , അവിടെ നിന്നും മാർക്കറ്റ് ജംഗ്ഷൻ വഴി ജനനേതാക്കളെ സ്വീകരിച്ച് കടുത്തുരുത്തി ടൗണിലൂടെ കടന്ന് വന്നശേഷം ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ചേരുന്നതാണ് . ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെച്ച് കടുത്തുരുത്തി ബൈപ്പാസ് റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ ഫ്രാൻസിസ് ജോർജ് MP മുഖ്യപ്രഭാഷണം നിർവഹിക്കുന്നതാണ്. ജില്ലാ കലക്ടർ ചേതൻ കുമാർ മീണ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ റിപ്പോർട്ടും അവതരിപ്പിക്കുന്നതാണ്. വിവിധ ജനപ്രതിനിധികൾ പ്രസംഗിക്കും. 

Hot Topics

Related Articles