കണ്ണൂർ ആഹ്ളാദ പ്രകടനത്തിടെയുണ്ടായ സംഘർഷം: അഞ്ചു പേർ അറസ്റ്റിൽ

കണ്ണൂര്‍: ഇന്നലെ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിനു ശേഷം പയ്യാമ്പലം ഭാഗത്ത് നടന്ന ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാമ്പലം പള്ളിയാന്‍മൂലയില്‍ മൂന്നുപേര്‍ക്കാണ് വെട്ടേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിയാംമൂലയിലെ ചാത്തോത്ത് ഹൗസിൽ സി.സീനീഷ് ( 31) വിജയ നിവാസിൽ വി.വിജയകുമാർ (42) ചെയ്യാൻ ഹൗസിൽ സി.പ്രജോഷ് (36) കോട്ടായി ഹൗസിൽ കെ.ഷൈജു (48) അലവിലെ ചൊയ്യൻ ഹൗസിൽ സി. പ്രശോഭ് (34) എന്നിവരെ കണ്ണൂർ ടൗൺ സി.ഐ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തു. വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പരിക്കേറ്റ അനുരാഗിന്റെ നില ഗുരുതരമാണ്. മറ്റ് മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടന്‍തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഫ്രാന്‍സ് അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. കൂടുതൽ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Advertisements

Hot Topics

Related Articles