കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുപയോഗത്തോടൊപ്പം വ്യാപകമായ ലഹരി വിൽപ്പനയും നടക്കുന്നതായി പുറത്തുവന്ന വിവരം. കൊലക്കേസിലെ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്ത നടത്തി മദ്യം, പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ് ബീഡി എന്നിവ അമിതവിലയ്ക്ക് തടവുകാരിൽ വിൽക്കുന്നുണ്ടെന്നാണ് സൂചന.400 രൂപ വില വരുന്ന മദ്യത്തിന് 4000 രൂപയും, സാധാരണ ബീഡിക്ക് 200 രൂപയും, കഞ്ചാവ് ബീഡിക്ക് 500 രൂപയും വരെ ഈടാക്കുന്നുവെന്നാണ് വിവരം.
ജയിലിന് പുറത്തുള്ള സംഘമാണ് ആവശ്യസാധനങ്ങൾ എത്തിച്ച് തടവുകാരിലേക്കെറിഞ്ഞ് കൊടുക്കുന്നത്. ഇവ പിന്നീട് ജയിലിനകത്തെ സംഘം നാലിരട്ടി വിലക്ക് വിൽക്കും. കഴിഞ്ഞ ദിവസം ജയിലിനകത്തേക്ക് ലഹരി സാധനങ്ങളും മൊബൈലും എറിയാൻ ശ്രമിച്ച പനങ്കാവ് സ്വദേശി അക്ഷയിനെ വാർഡൻമാർ പിടികൂടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളെ പിന്നീട് പൊലീസിനു കൈമാറി.അക്ഷയോട് നടത്തിയ ചോദ്യം ചെയ്യലിലാണ് ജയിലിനുള്ളിലെ സംഘങ്ങളും ലഹരി കച്ചവട രീതിയും പുറത്തുവന്നത്.ജയിലിനകത്ത് ഫോൺ സൂക്ഷിക്കുന്ന തടവുകാർ പുറത്തുള്ള സംഘത്തിന് ആവശ്യങ്ങൾ അറിയിക്കും. സാധനവുമായി എത്തുന്നവർ ആദ്യം ജയിലിനകത്തേക്ക് കല്ലെറിഞ്ഞ് സിഗ്നൽ നൽകും.
പിന്നാലെ ലിസ്റ്റ് ചെയ്ത സാധനങ്ങൾ അകത്തേക്ക് എറിയും. ഇത്തരത്തിൽ സാധനം എത്തിക്കുന്നവർക്ക് 1000 രൂപ മുതൽ പ്രതിഫലം ലഭിക്കുമെന്നും അത് ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണ് എത്തിക്കപ്പെടുന്നതെന്നും വിവരം.ജയിൽ ഉദ്യോഗസ്ഥരുടെ പിന്തുണ കൂടാതെ ഇത്തരത്തിലുള്ള വ്യാപാരം നടക്കാനിടയില്ലെന്നതിനാൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സംശയം ശക്തമാണ്.