കന്നഡ ചലച്ചിത്രം കാന്താരയിലെ ഗാനത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ഗാനം ഉള്‍പ്പെടുന്ന ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. കേസില്‍ പ്രതികളായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് സിനിമയുടെ പ്രദര്‍ശനം ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ച് തടഞ്ഞത്.
പകര്‍പ്പവകാശം ലംഘിച്ചു എന്ന കേസില്‍ ‘നവരസം’ എന്ന ഗാനം ചിട്ടപ്പെടുത്തിയ തൈക്കൂടം ബ്രിഡ്ജും, മാതൃഭൂമിയും നല്‍കിയ കേസില്‍ ഇടക്കാല വിധിയോ, വിധിയോ വരുന്നവരെയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയുടെ പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് എടുത്ത കേസിലാണ് കാന്താരയുടെ അണിയറക്കാര്‍ക്ക് ജാമ്യം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകര്‍പ്പവകാശം സംരക്ഷിക്കേണ്ട അവകാശമാണ്. ഇത് ലംഘിക്കുന്നത് പകര്‍പ്പവകാശ നിയമത്തിന്‍റെ വകുപ്പ് 63 പ്രകാരം ഗൌരവകരമായ കുഴപ്പമാണ്. ഇതിനാലാണ് ചിത്രം വിലക്കി പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഫെബ്രുവരി 12,13 തീയതികളില്‍ രാവിലെ പത്തിനും ഒരു മണിക്കും ഇടയില്‍ പ്രതികളായ ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സംവിധായകന്‍ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
വരാഹരൂപം ഗാനത്തിന് തൈക്കൂടം ബ്രിഡ്ജിന്‍റെ നവരസവുമായി പ്രത്യക്ഷത്തില്‍ സാമ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. അതിനാല്‍ തന്നെ പ്രഥമദൃഷ്ട്യ പകര്‍പ്പവകാശ ലംഘനം നടന്നതായി പറയാനാകും. ഈ അവസ്ഥയില്‍ വിശദമായ അന്വേഷണം ആനിവാര്യമാണ്.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജറാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും, രണ്ട് ആള്‍ജാമ്യത്തിന്‍റെയും ബലത്തില്‍ ജാമ്യം നല്‍കാം. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജറാകണം. വിചാരണയുമായി സഹകരിക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി പറയുന്നു.