കേരള കോൺഗ്രസ് ജോസഫിന് വീണ്ടും സംസ്ഥാന പാർട്ടി പദവി : പദവി ലഭിക്കുക ലോക്സഭ വിജയത്തോടെ 

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വീണ്ടും സംസ്ഥാന പാർട്ടി പദവി ലഭിക്കും. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിജയത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്‌നവും ലഭിക്കും. കേരള കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ജോസഫ് ഇതോടെ വീണ്ടും ശക്തിയായി മാറുകയാണ്. 2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ചതു മൂലം നഷ്ടമായ രാഷ്ട്രീയ അസ്തിത്വവും ഇതോടെ തിരികെ കിട്ടും. ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു. 2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്‌ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്‌ഥ ഉണ്ടായി. 

Advertisements

പിളർപ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്‌ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.2010 ലെ ലയന സമയത്ത് സൈക്കിളായിരുന്നു പാർട്ടിയുടെ ചിഹ്നം. സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കണം. ജോസ് കെ.മാണി വിഭാഗത്തിനു നിലവിലെ നിയമസഭയിൽ 5 അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാർട്ടി പദവിക്ക് കോട്ടം തട്ടില്ല.

Hot Topics

Related Articles