തൃശൂർ : അന്തരിച്ച മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകളും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറാനാണ് പത്മജ ശ്രമിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പത്മജ വാർത്ത തള്ളിക്കളയുന്നില്ലെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.കോണ്‍ഗ്രസുമായി ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് പത്മജയുടെ വാദം. എന്നാല്‍ എന്താണ് പ്രശ്നങ്ങളെന്ന് അവർ വ്യക്താക്കിയിട്ടില്ല. പത്മജയുടെ സഹോദരൻ കെ.മുരളീധരൻ വടകരയില്‍ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
മൂന്ന് തവണ യുഡിഎഫിനായി മത്സര രംഗത്തുവന്ന പത്മജയ്ക്ക് പരാജയം മാത്രമായിരുന്നു വിധി. 2004-ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പത്മജ 1,17,097 വോട്ടിന്‍റെ ദയനീയ തോല്‍വി സിപിഎമ്മിലെ ലോനപ്പൻ നമ്പാടനോട് ഏറ്റുവാങ്ങിയിരുന്നു.പിന്നീട് 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൃശൂർ മണ്ഡലത്തില്‍ ജനവിധി തേടിയ പത്മജ രണ്ട് തവണയും തോറ്റു. 2016-ല്‍ വി.എസ്.സുനില്‍കുമാറിനോടും 2021-ല്‍ പി.ബാലചന്ദ്രനോടുമായിരുന്നു തോല്‍വി സമ്മതിക്കേണ്ടി വന്നത്.